തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കാനാകും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സ്ഥലം സന്ദര്‍ശിച്ചു. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.

ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ റോഡിലും പരിസരങ്ങളിലേക്കും വെള്ളം ഒഴുകില്ല. ജലക്ഷാമം നേരിട്ടാല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകള്‍ ഈ പ്രദേശം കേന്ദ്രീകരിച്ച് വിതരണം ഊര്‍ജിതമാക്കും. കൂടുതല്‍ സഹായം ആവശ്യമായി വന്നാല്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പടെയുള്ള സംവിധാനമൊരുക്കി ജലവിതരണം നടത്തും.

പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായ ശേഷം പൈപ്പ് പൊട്ടിയപ്പോള്‍ തകര്‍ന്ന റോഡിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൂടാതെ മറ്റു സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത കാലപ്പഴക്കമുള്ള പൈപ്പുകള്‍ കണ്ടെത്താനും അവയുടെ തകരാര്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനും വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

കൊച്ചി കോര്‍പ്പറേഷനിലെ 30 ലധികം വാര്‍ഡുകളില്‍ ജലവിതരണം തടസപ്പെടും. ആലുവയില്‍ നിന്നു കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രിമോ പൈപ്പാണ് പൊട്ടിയത്. പാലാരിവട്ടം-തമ്മനം റോഡില്‍ പള്ളിപ്പടിയിലാണ് പൈപ്പ് പൊട്ടിയത്.