സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു


            മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2020ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ദേശാഭിമാനി ദിനപത്രം മുൻ അസോസിയേറ്റ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എസ്.ആർ. ശക്തിധരനു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. 2020, 2021 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2020ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

            ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു സ്വദേശാഭിമാനി – കേസരി പുരസ്‌കാരം. 2020ൽ അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച ജനറൽ റിപ്പോർട്ടിങ്ങിന് മാധ്യമം ദിനപത്രത്തിലെ കെ. നൗഫൽ, വികസനോന്മുഖ റിപ്പോർട്ടിങിന് ദീപിക ദിനപത്രത്തിലെ റെജി ജോസഫ്, ന്യൂസ് ഫോട്ടോഗ്രഫിക്ക് കേരള കൗമുദിയിലെ എൻ.ആർ. സുധർമദാസ്, കാർട്ടൂണിന് കേരള കൗമുദിയിലെ ടി.കെ. സുജിത് എന്നിവർ മുഖ്യമന്ത്രിയിൽനിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച ടിവി ന്യൂസ് റിപ്പോർട്ടിങ്ങിന് ഏഷ്യാനെറ്റ് ന്യൂസിലെ അനൂപ് ബാലചന്ദ്രൻ, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ്ങിന് ഏഷ്യാനെറ്റ് ന്യൂസിലെ എസ്. അജിത്കുമാർ, അഭിമുഖത്തിന് 24 ന്യൂസിലെ ഗോപികൃഷ്ണൻ, ന്യൂസ് റീഡിങ്ങിന് മനോരമ ന്യൂസിലെ ഫിജി തോമസ്, ടിവി ന്യൂസ് ക്യാമറയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപു, ടിവി ന്യൂസ് എഡിറ്റിങിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് എന്നിവരും ഫോട്ടോഗ്രഫിയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ ദേശാഭിമാനി ദിനപത്രത്തിലെ പി.വി. സുജിത്ത്, ടിവി ന്യൂസ് റിപ്പോർട്ടിങ്ങിൽ ജൂറി പ്രത്യേക പരാമർശത്തിന് അർഹയായ മാതൃഭൂമി ന്യൂസിലെ റിയ ബേബി, ടിവി ന്യൂസ് ക്യാമറയ്ക്കു ജൂറി പ്രത്യേക പരാമർശത്തിന് അർഹനായ മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാർ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

            2021ൽ അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ജനറൽ റിപ്പോർട്ടിങ്ങിന് ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം, വികസനോന്മുഖ റിപ്പോർട്ടിങ്ങിന് മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം, ന്യൂസ് ഫോട്ടോഗ്രഫിക്ക് മാതൃഭൂമിയിലെ കെ.കെ. സന്തോഷ്, മലയാള മനോരമയിലെ അരുൺ ശ്രീധർ, കാർട്ടൂണിന് മാതൃഭൂമിയിലെ കെ. ഉണ്ണിക്കൃഷ്ണൻ, ടിവി ന്യൂസ് റിപ്പോർട്ടിങ്ങിന് ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാർ, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിന് മാതൃഭൂമി ന്യൂസിലെ അമൃത എ.യു, ടിവി അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹൻ നായർ, ന്യൂസ് റീഡിങ്ങിന് മനോരമ ന്യൂസിലെ ടി.പി. ഷാനി, ടിവി ന്യൂസ് ക്യാമറയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണപ്രസാദ് ആർ.പി, ടിവി ന്യൂസ് എഡിറ്റിങ്ങിന് ഏഷ്യാനെറ്റ് ന്യൂസിലെ വി. വിജയകുമാർ എന്നിവർക്കു മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

            2020ലെ ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കാസർകോഡ് കുഡ്ലു രാംദാസ് നഗറിൽ അനിൽകുമാർ, രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് കക്കോടി കിഴക്കുമുറി കരമംഗലത്തുതാഴം ഷിജു വാണി, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ പയ്യന്നൂർ തായിനേരി അംബികയിൽ പി.വി. പ്രമോദ് എന്നിവരും പ്രോത്സാഹന സമ്മാനത്തിന് അർഹരായ ഇജാസ് പുനലൂർ, മണികണ്ഠൻ കോലഴി, എം.കെ. ആൽഫ്രഡ്, പി. ദിൽജിത്ത്, ഇ. ഗോകുൽ, എം.ജെ. രതീഷ് കുമാർ, അഞ്ജു അഖിൽ, പി. മധുസൂദനൻ, മിലൻ ജോൺ എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

            മാധ്യമ പുരസ്‌കാരങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ‘കാവലാൾ – സത്യത്തിന്റെ സൂക്ഷിപ്പുകാർ’ എന്ന കൈപ്പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു. പുരസ്‌കാര സമർപ്പണ ചടങ്ങിനു ശേഷം ചുമടുതാങ്ങി ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.