ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി. രാജീവ്. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നടന്ന വിവിധ യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചു മീറ്ററോളം അടിയിലേക്ക് തീ പടര്‍ന്നതു കൊണ്ടാണ് പ്രതീക്ഷിച്ച വേഗതയില്‍ തീയണയ്ക്കാന്‍ കഴിയാതെ പോയ്ത്. എന്നാല്‍ എത്രയും വേഗം പുക അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്രമമില്ലാതെ തുടരുകയാണ്.

ആരോഗ്യപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഐഎംഎ അംഗങ്ങളുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. 678 പേരാണ് ചികിത്സ തേടിയത്. 421 പേരും ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ക്യാമ്പുകളിലെത്തിയവരാണ്. ഇതില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ, കെഎസ്ഇബി, പോലീസ് തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ക്യാമ്പിന്റെ ഭാഗമായി വന്നിട്ടുണ്ട്. 17 പേര്‍ മാത്രമാണ് ഇന്‍പേഷ്യന്റ് ആയി വന്നത്. രണ്ട് പേരാണ് ഐസിയുവിന്റെ സഹായം തേടിയത്. ഇവരുടെ സ്ഥിതി തൃപ്തികരമാണ്. പൊതുവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. സ്‌മോക്ക് ഐസിയുകള്‍ തുറന്നിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകളും തുടങ്ങി. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

ഉറവിട മാലിന്യ സംസ്‌കരണം അടിസ്ഥാനമാക്കിയുള്ള വികേന്ദ്രീകൃത സംസ്‌കരണ പദ്ധതി ഏലൂര്‍ നഗരസഭയില്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. മരട് നഗരസഭയിലും പദ്ധതി വിജയകരമാണ്. ഈ രീതിയില്‍ എല്ലായിടത്തും പദ്ധതി പ്രാവര്‍ത്തികമാക്കും. പരിഷ്‌കൃത സമൂഹത്തിന് യോജിക്കുന്ന വിധത്തിലല്ല മാലിന്യത്തോടുള്ള നിലവിലെ സമീപനമെന്നും ഈ രീതി മാറണമെന്നും മന്ത്രി പറഞ്ഞു.