സൗജന്യ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ആപ്പായ LBS-KSD Connect ന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് 21/03/2023 ന് തിരുവനനന്തപുരത്ത് നടന്നു.   സി.എച്ച് കുഞ്ഞമ്പു എം.എൽ.എ.യുടെയും,  എം. രാജ ഗോപാലൻ എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് LBS -KSD Connect ന്റെ ലോഞ്ചിംഗ് നിർവഹിച്ചത്.

എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി മികച്ച  പരിശീലനം നല്കുക എന്ന ഉദ്ദേശത്തോടെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ കീഴിൽ കാസർഗോഡ് പ്രവർത്തിക്കുന്ന എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് ആണ് LBS-KSD Connect എന്ന  പേരിൽ  ഓൺലൈൻ കോച്ചിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള സംക്ഷിപ്തമായ നോട്ടുകളും, വീഡിയോ ക്ലാസ്സുകളും, പരിശീലന ചോദ്യങ്ങളും, ഉത്തര സൂചികകളും, മോഡൽ പരീക്ഷകളുമടക്കം എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർഥിക്ക് ആവശ്യമായതെല്ലാം ആപ്പിലുണ്ട്.

കാസർഗോഡ് പോലെ പിന്നോക്ക ജില്ലയിൽ മത്സര പരീക്ഷകൾക്കാവശ്യമായ പരിശീലനം നല്കുന്ന മികച്ച സ്ഥാപനങ്ങളുടെ അപര്യാപ്തതയും, ഉള്ളവയുടെ ഫീസ് നിരക്കുകൾ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവ‍ർക്ക് താങ്ങാവുന്നതല്ല എന്നതുമാണ് ഇത്തരമൊരു ആപ്പിന്റെ രൂപകല്പനയിലേക്ക് സ്ഥാപനത്തെ നയിച്ചത്.

LBS-KSD Connect എന്ന സംവിധാനം തികച്ചും സൗജന്യമായി കേരളത്തിലാകെയുള്ള ഹയർ സെക്കണ്ടറി വിദ്യാർഥികളിലേയ്ക്ക് എത്തിക്കാനാണ് എൽ ബി എസ് ശ്രമിക്കുന്നത്.