ജില്ലയില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക ജില്ലയായ പാലക്കാടിന്റെ തനത് ഉത്പന്നങ്ങള്‍ക്ക് സ്റ്റാളുകളില്‍ ഇടം നല്‍കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള സ്റ്റാളുകള്‍ സജ്ജമാക്കണമെന്നും സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.. മേളയുമായി ബന്ധപ്പെട്ട് ജില്ലാതല വകുപ്പ് മേധാവികളുടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. മേളയില്‍ വിവിധ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍, സ്റ്റാളുകളുടെ സജീകരണങ്ങള്‍ എന്നിവ അവലോകനം ചെയ്തു.

വകുപ്പുകള്‍ യുവജനങ്ങള്‍ക്ക് പ്രയോജനമാവുന്ന രീതിയിലുള്ള ആശയങ്ങള്‍ ഉള്‍പ്പെടുത്തിയും യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന വിധവും വിഷു വിപണി ഉള്‍പ്പെടുത്തിയും സ്റ്റാളുകള്‍ സജ്ജീകരിക്കണം. യുവാക്കളുടെയും സ്ത്രീകളുടെയും സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാളുകള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നൂതന വ്യവസായ ആശയങ്ങള്‍, സംരംഭകര്‍ക്ക് മാര്‍ക്കറ്റിങ്ങിനുള്ള നൂതന ആശയങ്ങള്‍, ഭൗമസൂചിക പദവിയുള്ള ജില്ലയിലെ ഉത്പന്നങ്ങള്‍, അട്ടപ്പാടിയുടെ തനത് ഗോത്ര വിഭവങ്ങള്‍, ഓരോ വകുപ്പുകളും അവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

പ്രിസിഷന്‍ ഫാമിങ്, അഗ്രോ പ്രോസസിങ് യൂണിറ്റ്, നൂതന അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി തുടങ്ങിയവ സ്റ്റാളുകളില്‍ ഉള്‍പ്പെടുത്തണം. പാലക്കാടന്‍ മട്ട, അട്ടപ്പാടി മുതിര, തനത് വിത്തുകള്‍, അടയ്ക്കാപുത്തൂര്‍ കണ്ണാടി തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള സ്റ്റാളുകള്‍ സജ്ജമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.