ഉദയം പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ കലക്ടര്‍ എ ഗീത വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌നേഹവും ഒത്തൊരുമയും മതസൗഹാര്‍ദ്ദവും പ്രതിഫലിക്കുന്ന ഇടമാണ് ഓരോ ഉദയം ഹോമുകളുമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഉദയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കലക്ടർ അഭിനന്ദിക്കുകയും ചെയ്തു.
തെരുവുകളില്‍ ജീവിക്കേണ്ടി വന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ഉദയം.
ചേവായൂര്‍ ഉദയം ഹോമില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അന്തേവാസികളുമായി സ്‌നേഹസംഭാഷണം നടത്തി. സബ് കലക്ടറും ഉദയം പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി. ചെല്‍സാസിനി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടറും ഉദയം സ്‌പെഷ്യല്‍ ഓഫീസറുമായ ഇ. അനിത കുമാരി, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അജിത പി.എന്‍, ഉദയം പ്രൊജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജി. രാഗേഷ്, പ്രൊജ്കട് കോര്‍ഡിനേറ്റര്‍ സജീര്‍ പി എന്നിവര്‍ സംസാരിച്ചു.
രണ്ട് വര്‍ഷത്തിലധികമായി ഉദയം പദ്ധതിയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരായ സംഘമിത്ര പി, അമൃത കെ, സുജന കെ, മുഹമ്മദ് സാബിര്‍, ശ്രുതി ശിവദാസ്, ലൈസാമ്മ എം.വി, അനു കുരിയന്‍, പി. സജീര്‍ തുടങ്ങിയവരെ ചടങ്ങില്‍ കലക്ടര്‍ ആദരിച്ചു.
തുടര്‍ന്ന് ടോപ്പ് സിംഗര്‍ വേദിയില്‍ കഴിവ് തെളിയിച്ച ദേവന ശ്രിയ കെ, അഭിഷേക് യു.ആര്‍, അമൃത വര്‍ഷിനി, കൃഷ്ണശ്രീ എന്നിവരുടെ സംഗീത വിരുന്നും ഉദയം ഹോമിലെ അന്തേവാസികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി.