സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം മാർച്ച് 28 വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരിക്കും.

സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 7.36 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പൈതൃകമന്ദിരത്തിന്റെ മാതൃകയിൽ പൊതുമരാമത്ത് വകുപ്പാണ് മന്ദിരം രൂപകല്പന ചെയ്യുന്നത്.

1962 മുതൽ കോട്ടൺഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന നിലവിലെ ആസ്ഥാന മന്ദിരം എൻസിസി മ്യൂസിയമായും കേഡറ്റുകളുടെ മോട്ടിവേഷൻ ഹാളായും കോൺഫ്രൻസ് ഹാളായും ഉപയോഗിച്ചുകൊണ്ട് പുരാവസ്തു പ്രാധാന്യം നിലനിർത്തി സംരക്ഷിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കേഡറ്റുകൾ രൂപകല്പന ചെയ്ത എയ്‌റോ മോഡലുകളും ഷിപ്പ് മോഡലുകളും എൻസിസിയുടെ മറ്റു പരിശീലന സാമഗ്രികളും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കണ്ട് മനസ്സിലാക്കാൻ സൗകര്യമൊരുക്കും. കോട്ടൺ ഹിൽ ബംഗ്ലാവിന്റെ ചരിത്രം അറിയാനും ഇതുവഴി അവസരമൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഈ സർക്കാരിന്റെ കാലത്ത് എൻസി സി നടപ്പിലാക്കിയ വിവിധ പദ്ധതികളെ ക്കുറിച്ചുള്ള ലഘുലേഖയും ശിലാസ്ഥാപന ചടങ്ങിൽ പ്രകാശനം ചെയ്യും. പരിപാടിയിൽ ഡോ. ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും.