എൻ.സി.സി കേരള – ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിനു ശിലയിട്ടു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശിലാസ്ഥാപനം നിർവഹിച്ചു. തിരുവനന്തപുരം കോട്ടൺ ഹില്ലിലാണ് 7.36 കോടി ചെലവിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നത്.

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തു നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ വരുന്ന രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കുമെന്ന് ഓൺലൈനായി ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിൽ പൂർത്തിയാകുന്ന എയർസ്ട്രിപ്പിൽ ആദ്യ പരിശീലന വിമാനം ഇറക്കാൻ കഴിഞ്ഞത് എൻ.സി.സിയുടെ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന മികവാണു കാണിക്കുന്നത്. കാലാനുസാരിയായ നിരവധി മാറ്റങ്ങൾ കേരളത്തിലെ എൻ.സി.സിയുടെ പ്രവർത്തന മുന്നേറ്റത്തിനായി സർക്കാർ നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണു പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നത്.

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും മെച്ചപ്പെട്ട രീതിയിൽ ഏകോപിപ്പിക്കാനും പുതിയ ആസ്ഥാന മന്ദിരം വരുന്നതോടെ കഴിയും. നിലവിൽ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്ന കോട്ടൺ ഹിൽ ബംഗ്ലാവ് എൻ.സി.സി മ്യൂസിയമായും കേഡറ്റുകളുടെ മോട്ടിവേഷൻ ഹാൾ, കോൺഫറൻസ് ഹാൾ എന്നിവയ്ക്കായും ഉപയോഗിക്കും. ഇതിന്റെ പുരാവസ്തു പ്രാധാന്യം നിലനിർത്തിക്കൊണ്ടുള്ള സംരക്ഷണമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോട്ടൺ ഹിൽ ബംഗ്ലാവ് പരിസരത്തു നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ രാഖി രവികുമാർ, എൻ.സി.സി. അഡിഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അലോക് ബേരി, ബ്രിഗേഡിയർ പി.കെ. സുനിൽകുമാർ, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന തുടങ്ങിയവർ പങ്കെടുത്തു.