ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷനുമായി സഹകരിച്ച് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച ‘കരുതാം-മാലിന്യം കരുതലോടെ’ ഖരമാലിന്യ സംസ്‌കരണം ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ അധ്യക്ഷനായി. പാലക്കാട് കോട്ടയ്ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയിലെ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പെര്‍ട്ട് ആര്‍. റെനില, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതി ജില്ലാ പ്രൊജക്ട് മാനേജര്‍ വിജേഷ് പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടയുടെ മുന്നില്‍ മേഴ്സി കോളെജിലെ എം.എസ്.ഡബ്ല്യൂ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ എം.ഇ. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഹരിതകര്‍മ്മസേന അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. മാലിന്യ സംസ്‌കരണം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
