ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭ, മാനന്തവാടി നഗരസഭ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അമ്പലവയല്‍, പൂതാടി, നെന്‍മേനി, പൊഴുതന ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുടെ 2023- 24 വര്‍ഷത്തെ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. പൊതു വിഭാഗം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രോജക്ടുകളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനെത്തിയത്.

സുല്‍ത്താന്‍ ബത്തേരി നഗരസഭ 304 പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. സമഗ്ര കോളനി വികസനം, ഖര, ദ്രവ്യ മാലിന്യ സംസ്‌ക്കരണം, പ്രാദേശിക സാമ്പത്തിക വികസനം എന്നീ മുന്‍ഗണ പ്രോജക്ടുകളും ഉള്‍പ്പെടുത്തിയിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 119 പ്രൊജകടുകള്‍ക്ക് അംഗീകാരം തേടി. ഭവന നിര്‍മ്മാണത്തിനും ഭിന്നശേഷി സൗഹൃദ പദ്ധതി കള്‍ക്കും, നെല്‍കൃഷി വികസനത്തിനും പദ്ധതികള്‍ അവതരിപ്പിച്ചു. 90 പ്രൊജക്ടുകളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതികളായി സമര്‍പ്പിച്ചത്. ഭവന നിര്‍മ്മാണം, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍, ക്ഷീരകര്‍ഷകര്‍ക്കുളള സബ്‌സിഡി വിതരണം തുടങ്ങിയ പദ്ധതികളും അംഗീകാരം നേടി. നൈപുണ്യ വികസനത്തിനും ആതുരസേവന മേഖലക്കും പദ്ധതിയുണ്ട്. 454 പ്രൊജക്ടുകള്‍ക്കാണ് മാനന്തവാടി നഗരസഭ അംഗീകാരം തേടിയത്. വയോജന ഭിന്നശേഷി സൗഹൃദ പദ്ധതി, സ്ത്രീ ഘടക പദ്ധതികള്‍ മുന്‍ഗണന പ്രോജക്ടുകളായി അവതരിപ്പിച്ചു. 146 പ്രൊജക്ടുകളാണ് പൂതാടി ഗ്രാമ പഞ്ചായത്ത് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. അമ്പലവയല്‍ പഞ്ചായത്ത് 248 പ്രൊജക്ടുകളും അവതരിപ്പിച്ചു. പഞ്ചായത്തിനെ പൊതുജന സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സന്തോഷ ഗ്രാമം പദ്ധതി എന്ന നൂതന പദ്ധതിക്കും അംഗീകാരമായി. നെന്‍മേനി പഞ്ചായത്തിന്റെ 201 പ്രൊജക്ടുകള്‍ക്കും പൊഴുതന പഞ്ചായത്ത് 141 പ്രൊജക്ടുകള്‍ക്കും ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.

ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.