ചര്‍മ്മമുഴ ബാധിച്ച് ചത്ത പശുക്കളുടെ കര്‍ഷകര്‍ക്കും ധനസഹായം അനുവദിക്കുമെന്ന് മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ നൂതനമായ സംരംഭങ്ങളിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകര്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്‍ഷുറന്‍സ് ഇല്ലാത്ത കര്‍ഷകര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. ചര്‍മ്മമുഴ ബാധിച്ച് ചത്ത വലിയ പശുവിന് 30000 രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന കന്നുകാലികളില്‍ കുളമ്പുരോഗം, ചര്‍മ്മമുഴ തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുളമ്പുരോഗപ്രതിരോധത്തിനുള്ള കുത്തിവെപ്പ് മൂന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ചര്‍മ്മമുഴപ്രതിരോധകുത്തിവെപ്പ് അവസാനഘട്ടത്തിലാണ്. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് വിഷരഹിതവും ഗുണനിലവാരവുമേറിയ കാലിത്തീറ്റ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മികച്ച മൃഗക്ഷേമ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, ആഫ്രിക്കന്‍ പന്നിപ്പനി നഷ്ടപരിഹാര വിതരണം, ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. സബ്സിഡി ഇനത്തില്‍ ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നത് വഴി സംസ്ഥാനത്തെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിലായി ആരംഭിച്ച മില്‍ക്ക് എടിഎം സംവിധാനം സംസ്ഥാന വ്യാപകമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി. കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി. എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വര്‍ഗീസ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കല്‍, ഗ്രാമപഞ്ചായത്തംഗം ഷാനോ കെ പി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഷാജി പണിക്കശ്ശേരി, കോട്ടയം ചീഫ് വെറ്റിനറി ഓഫീസര്‍ പി കെ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ശാസ്ത്രീയ കന്നുകുട്ടി പരിപാലനം – പ്രായോഗിക അറിവുകള്‍, പശുക്കളുടെ വേനല്‍ക്കാല പരിചരണം എന്നീ വിഷയത്തില്‍ സെമിനാര്‍ നടന്നു.