വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയ്ക്ക് തിരിതെളിക്കും

മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും

പാലക്കാട് സേവനങ്ങളുടെ കാഴ്ചകളുടെ വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  സംഘടിപ്പിക്കുന്ന ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറിന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി തിരിതെളിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയില്‍ ഏഴ് ദിവസവും ആകര്‍ഷകമായ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ‘യുവതയുടെ സന്തോഷം’ എന്ന വിഷയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയില്‍ യുവാക്കളെ കേന്ദ്രീകരിച്ച് ജോബ് ഡ്രൈവ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സേവനങ്ങള്‍, നവസംരംഭകര്‍ക്കായി ലോണ്‍ അപേക്ഷ സ്വീകരിക്കല്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ശീതീകരിച്ച 200 സ്റ്റാളുകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ സേവനങ്ങളും പ്രദര്‍ശനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിള്‍ റാലിയും ഘോഷയാത്രയും നടക്കും.

ഉദ്ഘാടന പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി. സുഭാഷ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 15 ന് മേള സമാപിക്കും.

‘യുവതയുടെ സന്തോഷം’ മേളയുടെ തീം
ജോബ് ഡ്രൈവ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സേവനങ്ങള്‍, ലോണ്‍ അപേക്ഷ സ്വീകരിക്കല്‍

യുവതയുടെ സന്തോഷം എന്ന തീമില്‍ ഒരുക്കുന്ന മേളയില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ജോബ് ഡ്രൈവ് നടക്കും. ഏപ്രില്‍ 10, 11, 12 തീയതികളില്‍ രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. 13 ന് ഇന്റര്‍വ്യു നടക്കും. 1000 ചതുരശ്ര അടിയില്‍ തയ്യാറാക്കുന്ന സ്റ്റാളില്‍ ജോബ് ഡ്രൈവിനു പുറമേ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍, രജിസ്‌ട്രേഷന്‍ എന്നിവയുമുണ്ടാകും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളില്‍ വിവിധ സ്‌കീമുകളുടെ പ്രദര്‍ശനം, തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയുണ്ടാകും. ടെക്‌നോ സോണില്‍ റോബോര്‍ട്ട് മുതല്‍ ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭത്തിലൂടെ നിര്‍മിച്ച നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശനത്തിനുണ്ടാകും.
താരതമ്യേന വിലക്കുറവില്‍ ഗുണമേന്മയുള്ള പച്ചക്കറികള്‍-നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെട്ട വിഷുവിപണി മേളയുടെ ശ്രദ്ധാകേന്ദ്രമാകും. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളാണ് മേളയില്‍ ലഭിക്കുക. മുതലമട മാങ്ങയും മേളയില്‍ ലഭിക്കും. കുട്ടികള്‍ക്കായി കളിസ്ഥലം, കൗണ്‍സിലിങ്, പാരന്റിങ് ക്ലിനിക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആധാര്‍ എടുക്കല്‍, തെറ്റ് തിരുത്തല്‍, രേഖകളുമായെത്തുന്നവര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനം സജ്ജീകരിക്കാനും മേളയില്‍ സാധിക്കും. വ്യവസായ വകുപ്പില്‍ നിന്നും ലോണ്‍ അപേക്ഷകള്‍, വായ്പാ സബ്‌സിഡികള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
വാഹന പ്രേമികളെ ആകര്‍ഷിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓരോ ദിവസവും ഓരോ വാഹനങ്ങളായിരിക്കും പ്രദര്‍ശനത്തിന് എത്തുക. വാഹനത്തില്‍ കയറാതെ വാഹനം ഓടിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന സിമുലേറ്റര്‍ സജ്ജീകരണം, സൗജന്യ കണ്ണ് പരിശോധന-റോഡ് സുരക്ഷ ബോധവത്ക്കരണം-ക്വിസ് മത്സരം എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.
കുടുംബശ്രീയുടെ സൗജന്യ കൈമാറ്റ ചന്തയും (സ്വാപ്പ് ഷോപ്പ്) മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാവും. ഗൃഹോപകരണങ്ങള്‍ മുതല്‍ എന്ത് സാധനങ്ങളും കൈമാറ്റം ചെയ്ത് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് കൈമാറ്റ ചന്തയുടെ സജ്ജീകരണം. മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്രിമക്കുളത്തിനരികെ വര്‍ണപക്ഷികളുടെ പ്രദര്‍ശനവും മേളയില്‍ സജ്ജീകരിക്കുന്നുണ്ട്.

ഫുഡ് കോര്‍ട്ടില്‍ രാമശ്ശേരി ഇഡ്ഡലി കഴിക്കാം, ഗോത്രവിഭവങ്ങള്‍ ആസ്വദിക്കാം

എന്റെ കേരളം-പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട് രുചിയുടെ കലവറയാകും. 3240 ചതുരശ്ര അടിയില്‍ സജ്ജീകരിക്കുന്ന ഫുഡ് കോര്‍ട്ടില്‍ പാലക്കാടിന്റെ പാരമ്പര്യ ഭക്ഷണമായ രാമശ്ശേരി ഇഡ്ഡലി മുതല്‍ അട്ടപ്പാടിയുടെ തനത് ഗോത്രവിഭവങ്ങള്‍ വരെ രുചിക്കാം. അട്ടപ്പാടി സ്വദേശികള്‍ തത്സമയം പാചകം ചെയ്യുന്ന വിഭവങ്ങളും മേളയില്‍ ലഭിക്കും. ഇളനീര്‍ പുഡ്ഡിങ്, മില്‍മ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന രുചിഭേദങ്ങള്‍ മേളയിലെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ ഫുഡ് കോര്‍ട്ടില്‍ അവസരമുണ്ടാകും.

‘നിറവ്’ കലാസാംസ്‌കാരിക പരിപാടികള്‍

എന്റെ കേരളം-പ്രദര്‍ശന വിപണന മേളയിലെത്തുന്ന ജനങ്ങള്‍ക്ക് കാഴ്ചയുടെ വര്‍ണവിസ്മയമൊരുക്കി ‘നിറവ്’ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന ദിവസം മുതല്‍ നിത്യവും വൈകിട്ട് നൃത്ത-സംഗീത പരിപാടികള്‍ വേദിയിലെത്തും. സ്വരലയ ഓര്‍ക്കസ്ട്രയുടെ മ്യൂസിക്കല്‍ പ്രോഗ്രാം, ദേശീയ അവാര്‍ഡ് ജേതാവായ ഗായിക മധുശ്രീയുടെ മ്യൂസിക്കല്‍ ലൈവ്, രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടി, അപര്‍ണ രാജീവ് അണ്‍പ്ലഗ്ഡ് ഫ്യൂഷന്‍ ലൈവ് വിത്ത് അപര്‍ണ (പിന്നണി ഗായിക), കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, നാട്ടുചന്തം നാടന്‍കല തുടങ്ങി ഏഴുദിവസങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങിലെത്തുക.