മാലിന്യ സംസ്‌കരണ പരാതികള്‍  8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം

മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ് മാലിന്യവും അഴുക്കുചാല്‍ വഴി പുഴയിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ച് കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭക്ക് നിര്‍ദേശം നല്‍കി.

മലമ്പുഴ ഡാമിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയ സംഘം ഡാമിലും ഉദ്യാനത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി. അവ കൃത്യമായി സംസ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

എന്‍ഫോഴ്സ്മെന്റ് സംഘത്തിനൊപ്പം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തും പരിശോധനയില്‍ പങ്കെടുത്തു.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ട ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, അനധികൃതമായി ഉപയോഗിക്കുകയും, വില്‍പന നടത്തുന്നതുമായ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, പിഴ ഈടാക്കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാ ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീമില്‍ ഉള്ളത്.

കൂടാതെ സ്‌ക്വാഡ് പരിശോധന നടത്തേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലെ പോലീസ് ഉദ്യോഗസ്ഥനും ഈ ടീമില്‍ ഉണ്ടായിരിക്കും. ജില്ലാ ശുചിത്വ മിഷന്‍ ഓഫീസാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന ആസ്ഥാനം. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍, നിരോധിത വസ്തുക്കളുടെ ഉപയോഗം, വില്‍പന, സൂക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ കത്തുകള്‍, ഇ-മെയില്‍, നവമാധ്യമങ്ങള്‍ വഴി ജില്ലാ ശുചിത്വമിഷന്‍ ഓഫീസിനെ അറിയിക്കാനുള്ള പരാതി സെല്ല് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പരാതികള്‍ 8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം.