സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പോഷൻ പക് വാഡ പരിപാടി സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികൾ, സ്ത്രീകൾ, കൗമാരപ്രായക്കാർ എന്നിവർക്കിടയിലെ അനീമിയ നിർമ്മാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ കെ.കെ. പ്രകാശിനി അധ്യക്ഷത വഹിച്ചു.

ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പോഷക ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും വിതരണവും നടന്നു. അന്തർദേശീയ ചെറുധാന്യ വർഷം – 2023ന്റെ പ്രാധാന്യം മുൻനിർത്തി കേരളത്തിൽ ‘വിവ കേരള’ എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. വിളർച്ച രോഗത്തെ അയേൺ അടങ്ങിയ ഭക്ഷണക്രമത്തിലൂടെ പരിഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ന്യൂട്രീഷ്യനിസ്റ്റ് നമിത, പനങ്ങാട് ജെ.പി.എച്ച്.എൻ അനിഷ എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി കദീജക്കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, സി.ഡി.പി.ഒ തസ്ലീന എൻ.പി തുടങ്ങിയവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അജിത ടി. തെറ്റത്ത് സ്വാഗതവും അങ്കണവാടി വർക്കർ സജിനി എം നന്ദിയും പറഞ്ഞു.