ഒ.വി വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ ചരമദിനാചരണ പരിപാടി സംഘടിപ്പിച്ചു. ‘ചിതലിയിലെ ആകാശം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത എഴുത്തുകാരി ഡോ: ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്റെ ചെറുകഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങള്‍ ജീവിതഗന്ധിയായവ ആണെന്നും കാലത്തെ അതിജീവിച്ച് അവയുടെ ഗരിമ നിലനില്‍ക്കുന്നെന്നും ഡോ: ഖദീജ മുംതാസ് പറഞ്ഞു. ഒ.വി. വിജയന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോാടെയാണ് പരിപാടി ആരംഭിച്ചത്.
ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ് അധ്യക്ഷനായി. ഖസാക്കിന്റെ ഇതിഹാസം നൂറാം പതിപ്പിന്റെ നൂറു കവറുകളുടെ പ്രദര്‍ശനം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.
അസി. കലക്ടര്‍ ഡി. രഞ്ജിത്ത്, ആഷാമേനോന്‍, ഒ.വി ഉഷ, പ്രൊഫ: പി.എ. വാസുദേവന്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ‘ഖസാക്കിന്റെ ഇതിഹാസം’ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത യുമ വാസുകിയെ അസി. കലക്ടര്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു. ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍, ആര്‍. ശാന്തകുമാരന്‍ എന്നിവര്‍ സംസാരിച്ചു.