സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം നേടാനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഇന്റർനെറ്റിൽ പ്രായോഗിക പരിചയം നേടുന്നതിനുമുള്ള പരിശീലന മൊഡ്യൂൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. പത്തുമണിക്കൂർ (അഞ്ചുദിവസം രണ്ട് മണിക്കൂർ വീതം) ദൈർഘ്യമുള്ള പരിശീലനത്തിൽ സ്മാർട്ട് ഫോൺ സൗകര്യങ്ങൾ, ഇന്റർനെറ്റ് ലോകം, ഓൺലൈൻ പണമിടപാടുകൾ, സാമൂഹ്യമാധ്യമങ്ങൾ, ഇ-മെയിൽ സേവനങ്ങൾ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുണ്ട്. പരിശീലന മൊഡ്യൂളിനോടൊപ്പം ഉപയോഗിക്കാൻ പ്രായോഗിക മാതൃകകളെ  വർണാഭമായി വിവരിക്കുന്ന 264 സ്ലൈഡുകൾ അടങ്ങിയ പ്രസന്റേഷനുകൾ ലഘുവീഡിയോകൾ എന്നിവയും കൈറ്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് നൽകി മൊഡ്യൂൾ പ്രകാശനം ചെയ്തു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.സി. ഹരികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

സാങ്കേതികകാര്യങ്ങളിൽ ഒരു മുന്നറിവും ഇല്ലാത്തവർക്കു പോലും എളുപ്പം മനസിലാക്കി മുന്നേറാവുന്ന രൂപത്തിലാണ് മോഡ്യൂളിന്റെ ഉള്ളടക്ക ക്രമീകരണം. ‘സ്മാർട്ട്‌ഫോൺ സൗകര്യങ്ങൾ’ എന്ന ആദ്യഭാഗത്ത് മൊബൈൽ ഫോണിലെ അലാം ക്രമീകരിക്കൽ പോലുള്ള പ്രാഥമിക കാര്യങ്ങളിൽ തുടങ്ങി ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കൽ, വ്യത്യസ്ത ആപ്പുകളുടെ ഇൻസ്റ്റലേഷൻ, പ്ലേ സ്റ്റോർ, പല ഭാഷകളിൽ കുറിപ്പുകൾ തയാറാക്കൽ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പരിചയപ്പെടുത്തുന്നു. വോയ്‌സ് ടൈപ്പിങ്, സ്‌ക്രീൻ ലോക്കിങ്, അനാവശ്യ ആപ്പുകൾ ഒഴിവാക്കുന്നത് തുടങ്ങിയവയും ഈ ഭാഗത്ത് പരിചയപ്പെടും. ‘ഇന്റർനെറ്റ് ലോകം’ എന്ന രണ്ടാംഭാഗം വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്താനുള്ള വിവിധ മാർഗങ്ങൾ (സേർച്ചിംഗ്) പരിചയപ്പെട്ടുകൊണ്ടാണ് ആരംഭിക്കുന്നത്. വോയ്‌സ് സേർച്ച്, ഇമേജ് സേർച്ച്, വിക്കിപീഡിയ തുടങ്ങിയ കാര്യങ്ങൾക്കൊപ്പം രേഖകൾക്കൊരു സുരക്ഷിതയിടം എന്ന തലത്തിൽ ‘ഡിജിലോക്കർ’ ഉപയോഗവും ഇവിടെ വിശദീകരിക്കുന്നു. മൊഴിമാറ്റരീതികൾ പഠിതാവ് നേരിട്ട് ചെയ്ത് പരിചയപ്പെടുന്നുണ്ട്. ഗൂഗിൾ ലെൻസ്, ട്രാൻസ്‌ലേഷൻ തുടങ്ങിയ സംവിധാനങ്ങളും ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈൻ ലോകത്തെ പണമിടപാടുകളിൽ പഠിതാക്കളെ ശാക്തീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പരിശീലനത്തിന്റെ മൂന്നാംഭാഗം. ഇവിടെ സുരക്ഷിതമായ യു.പി.ഐ ആപ്പുകൾ പരിചയപ്പെടുത്തുന്നതോടൊപ്പം പണമിടപാട് പരീക്ഷിച്ച് നോക്കാനും അവസരം നൽകുന്നുണ്ട്. ഓൺലൈനായി വൈദ്യുതബിൽ അടയ്ക്കുന്ന പ്രവർത്തനം എല്ലാ പഠിതാക്കൾക്കും സ്വയം ചെയ്ത് പരിശീലിക്കാം. മറ്റ് ഓൺലൈൻ ഇടപാടുകളും പരിചയപ്പെടുത്തുന്നു. ഓൺലൈൻ പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (ഒ.ടി.പി., പിൻ സുരക്ഷ….) ഉൾപ്പെടുന്ന സൈബർ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും ഈ ഭാഗത്ത് മനസിലാക്കാം. ‘മാറുന്ന കാലവും സാമൂഹ്യമാധ്യമങ്ങളും’ എന്ന നാലാംഭാഗത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നടത്തേണ്ട സ്വകാര്യതാ-സുരക്ഷാ ക്രമീകരണങ്ങൾ, സൈബർ മര്യാദകൾ എന്നിവ നന്നായി പ്രതിപാദിക്കുന്നു. വാട്ട്‌സ്ആപ് ഉപയോഗവും മറ്റും വിശദമായി പരിചയപ്പെടുത്തുന്ന ഈ ഭാഗത്ത് വ്യാജവാർത്തകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള പ്രത്യേക വിവരങ്ങൾ ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കുന്നുണ്ട്. ‘ആശയവിനിമയത്തിന് ഇ-മെയിൽ’ എന്നതാണ് അവസാനഭാഗം. ഓരോ പഠിതാവിനെയും അവരുടെ മൊബൈൽ ഫോണിൽത്തന്നെ സുരക്ഷിതമായി ഇ-മെയിൽ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്നതാണ് ഈ ഭാഗത്തെ പ്രവർത്തനങ്ങൾ.

‘ലിറ്റിൽകൈറ്റ്‌സ്’ ഐ.ടി ക്ലബ്ബുകൾ വഴി 2000 സ്‌കൂളുകളിലെ 4 ലക്ഷം രക്ഷിതാക്കൾക്ക്  കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ വീതം ദൈർഘ്യമുള്ള സൈബർ സുരക്ഷാ പരിശീലനം നടത്തിയതിന്റെയും 19.66 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകളെ പ്രതിരോധിക്കാനുള്ള പരിശീലനം നൽകിയതിന്റെയും അനുഭവങ്ങൾ കൂടി ഉൾക്കൊണ്ടാണ് കൈറ്റ് ഈ മൊഡ്യൂൾ തയാറാക്കിയിട്ടുള്ളത്. ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാക്ഷരതാ മിഷൻ, കുടുംബശ്രീ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തകർക്ക് വിപുലമായ ഡിജിറ്റൽ മീഡിയാ സാക്ഷരതാ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന രൂപത്തിലാണ് മൊഡ്യൂളുകൾ തയാറാക്കിയിട്ടുള്ളത്. പഠിതാക്കൾക്കുള്ള കൈപ്പുസ്തകവും പഠനം പൂർത്തിയാക്കിയവർക്ക് മൂല്യനിർണയത്തിനുള്ള ടൂളുകൾ കൈറ്റ് ഇതോടൊപ്പം തയാറാക്കുന്നുണ്ട്. വിവിധ ജില്ലകളിലും തലങ്ങളിലുമുള്ള പരിശീലകർക്ക് പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും കൈറ്റ് ഏർപ്പെടുത്തുമെന്ന് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.