സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് റോഡ് സുരക്ഷാ സന്ദേശം പകർന്ന് നൽകുന്നത്. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ വിവിധ ക്ലബുകൾക്ക് കൈമാറി.
ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങൾ, ക്ലബ് പരിസരങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിച്ച് കുട്ടികളിലും പൊതുജനങ്ങളിലും സുരക്ഷാ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർക്ക് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ റോഡ് സുരക്ഷാപ്രദർശന പോസ്റ്റർ കൈമാറി നിർവഹിച്ചു.
കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ചെനക്കൽ, തെന്നല റിയൽ യൂത്ത് സെന്റർ തുടങ്ങി താലൂക്കിലെ വിവിധ ഭാഗത്തെ ക്ലബുകൾക്ക് ആദ്യഘട്ടത്തിൽ പോസ്റ്റർ കൈമാറി. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്‌മാൻ, ഒ സി ബഷീർ അഹമ്മദ്, പി കെ സൽമാൻ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്‌സൽ, മുഹമ്മദ് അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.