സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലുള്ള മാപ്പത്തോണ്‍ കേരള പ്രക്രിയയിലൂടെ ജില്ലയില്‍ 17 പഞ്ചായത്തുകളിലെ നീര്‍ച്ചാലുകള്‍ പുനര്‍ജീവന പാതയില്‍. ഉപഗ്രഹ ചിത്രങ്ങളുടെ നേരിട്ടുള്ള ദര്‍ശനത്തിലൂടെയും ഡ്രോണുകളുടെ സഹായത്തോടെയും നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ്പ് ചെയ്താണ് ഇത് നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് മാപ്പത്തോണ്‍ പ്രക്രിയ നടത്തുന്നത്. ജില്ലയില്‍ ആലക്കോട്, ആറളം, അയ്യങ്കുന്ന്, ചെറുപുഴ, എരുവേശി, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, നടുവില്‍, പടിയൂര്‍, പായം, പയ്യാവൂര്‍, ഉദയഗിരി, ഉളിക്കല്‍, കോളയാട്, പേരാവൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ട മാപ്പത്തോണ്‍ പ്രവര്‍ത്തനം നടക്കുന്നത്.
ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സഹായത്തോടെ നടത്താനാണ് ലക്ഷ്യമിടുന്നത്.
ഇനി ഞാന്‍ ഒഴുകട്ടെ എന്ന പേരില്‍ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി നടത്തി വരുന്നുണ്ട്. പ്രധാനമായും ഇടനാട് തീരപ്രദേശ മേഖലകളിലെ നീര്‍ച്ചാലുകളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വെള്ളപ്പൊക്കത്തിന്റെ തോത് കുറവായിരുന്നു. ലൊക്കേഷന്‍ മാപ്പിംഗിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് രേഖപ്പെടുത്തല്‍. ഐടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്പെഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെയാണ് ഹരിതകേരളം മിഷന്‍ ഭൂപട രേഖപ്പെടുത്തല്‍ നടത്തി വരുന്നത്.
കനത്ത മഴയില്‍ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനും, ഉണ്ടാകുന്ന ദുരന്തങ്ങളുടെ തീവ്രതയും എണ്ണവും കുറക്കാനുള്ള അടിയന്തര ഇടപെടലുകള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ മാപ്പത്തോണ്‍ കേരളം പദ്ധതി തുടങ്ങിയത്. കേരളത്തിലെ പൊതുമുതലുകളും പൊതുജനപങ്കാളിത്തതോടെ മാപ്പ് ചെയ്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രളയത്തിനു ശേഷമാണ് ഈ പദ്ധതിയെക്കുറിച്ച് സംസ്ഥാനം ഗൗരവമായി ആലോചിച്ചത്.