എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നാടൻ പാട്ട് കലാ ജാഥയ്ക്ക് നിറഞ്ഞ സ്വീകരണം. നാടൻപാട്ട് സംഘം ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉജ്ജ്വല വരവേൽപ്പാണ് പ്രദേശവാസികളും യാത്രക്കാരും നൽകിയത്. പോയ കാലത്തിന്റെ ഓർമ പുതുക്കുന്ന ഓരോ നാടൻ പാട്ടിനും പ്രായഭേദമന്യേ ആളുകൾ ചുവടുവെച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റി, എച്ച്.എം.ടി ജംഗ്ഷൻ, പാതാളം, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ജാഥ പര്യടനം നടത്തി. ജില്ലയിൽ സർക്കാർ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും സർക്കാർ പദ്ധതികളും സംബന്ധിച്ച് വിവരങ്ങൾ ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശന വാഹനവും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി ആവിഷ്കരിച്ചിട്ടുള്ള മേളയുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴിന് മറൈൻഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ എട്ട് വരെ നടക്കുന്ന മേളയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.