സംസ്ഥാനത്തെ ആദ്യ ഫോറസ്റ്റ് സര്‍വ്വേ റെക്കോര്‍ഡ് റൂം മാത്തോട്ടം വനശ്രീയില്‍ സംസ്ഥാന വനം -വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. വനഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുകയെന്നത് ഏറെ പ്രാധാന്യമുള്ളതും ഉത്തരവാദിത്വമുള്ളതുമായ കാര്യമാണെന്ന് റെക്കോര്‍ഡ് റൂമിന്റെ  ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മന്ത്രി പറഞ്ഞു. വിവിധങ്ങളായ കോടതി തര്‍ക്കങ്ങള്‍ക്ക് എപ്പോഴാണ് ഇത്തരം രേഖകള്‍ അവശ്യമായി വരികയെന്നത് പറയാനാകില്ല. പുരയിടത്തിലിറങ്ങി വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത് വനഭൂമി, സ്വകാര്യ ഭൂമി, റവന്യൂ ഭൂമി എന്നിങ്ങനെ ഭൂമിയെ വേര്‍തിരിക്കലാണ്. ഈ വേര്‍തിരിക്കലില്ലാത്തതിന്റെ കുഴപ്പം ഏറ്റവുമധികം അനുഭവിക്കുന്ന വകുപ്പാണ് വനം വകുപ്പെന്നും ഇവിടെ തയ്യാറാക്കിയ സമ്പൂര്‍ണമായ രേഖകള്‍ ഇതിന് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
ആധികാരികമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ പല പ്രധാനപ്പെട്ട കസുകളും വിട്ടുപോയിട്ടുണ്ട്. വനം വകുപ്പിന്റെ ഈ പ്രവര്‍ത്തനം മറ്റ് വകുപ്പുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയ വനം ഡിവിഷനുകള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റു വിതരണവും മന്ത്രി കെ രാജു നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി കെ ഷാനിയ, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ കാര്‍ത്തികേയന്‍, ഇന്‍സ്പെക്ഷന്‍ ആന്റ് ഇവാല്യുവേഷന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ ആടലരശന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ്കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ കെ സുനില്‍കുമാര്‍,  ഫോറസ്റ്റ് മിനി സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ജോസഫ് ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.