ചടുല സംഗീതത്തിന്റെ മാസ്മര താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള ഏഴ് നാളുകള്‍ കൊച്ചിയില്‍ ആവേശം വാനോളം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നത്. ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് വൈകിട്ട് എട്ടിന് സ്റ്റീഫന്‍ ദേവസ്യയുടെ മാന്ത്രിക വിരലുകള്‍ കീ ബോര്‍ഡില്‍ വിസ്മയം തീര്‍ക്കും. ജാസി ഗിഫ്റ്റിന്റെയും ആട്ടം കലാസമിതിയുടെയും മിന്നും പ്രകടനം മറൈന്‍ ഡ്രൈവിലെത്തുന്ന കാഴ്ചക്കാരെ ആഘോഷക്കൊടുമുടിയേറ്റും. നാടന്‍ പാട്ടിന്റെ ആവേശം താമരശേരി ചുരം കയറും.
ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും വൈകിട്ട് (ഏപ്രില്‍ ഏഴ് ഒഴികെ) പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ നടക്കും.
ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ലൈവ് ബാന്‍ഡ് ഷോ വേദിയില്‍ അരങ്ങേറും.
ഏപ്രില്‍ രണ്ടിന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, ഏപ്രില്‍ മൂന്നിന് പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, ഏപ്രില്‍ നാലിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, ഏപ്രില്‍ അഞ്ചിന് അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി ആവിഷ്‌കരിച്ചിരിക്കുന്ന മേളയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ 30 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. ആഘോഷങ്ങള്‍ അവസാനിക്കാത്ത കൊച്ചിയുടെ മണ്ണില്‍ 63680 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത്.