കോഴിക്കോട് നഗരസഭ വി ലിഫ്റ്റ് ജനകീയാസൂത്രണ പദ്ധതി 2022-23 ഗുണഭോക്തൃ സംഗമവും സബ്‌സിഡി വിതരണവും മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമാധാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവസരമാണ് വി ലിഫ്റ്റ് പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു.

ഗുണഭോക്താക്കള്‍ സംരംഭവുമായി മുന്നോട്ട് പോകണമെന്നും വീഴ്ചകളിൽ തളർന്നു പോകാതെ മുന്നേറാന്‍ ശ്രദ്ധിക്കണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. 94 ഗുണഭോക്താക്കള്‍ 2022-23 വര്‍ഷത്തെ വി ലിഫ്റ്റ് പദ്ധതിയുടെ സബ്‌സിഡി ഏറ്റുവാങ്ങി. ഏഴ് പദ്ധതികളിലായി 66 സംരംഭങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ വി ലിഫ്റ്റ് വഴി ആരംഭിച്ചത്. 2023-24 വര്‍ഷത്തെ വി ലിഫ്റ്റ് പദ്ധതിക്കായി കോര്‍പ്പറേഷന്‍ നാലരക്കോടി രൂപ വകയിരുത്തുകയും ചെയ്തു.

കേരള ബാങ്ക് റീജിയണൽ മാനേജര്‍ സി അബ്ദുല്‍ മുജീബിനും ലോണ്‍ സെക്ഷന്‍ മാനേജര്‍ ടി.കെ ജീഷ്മക്കുമുള്ള ഉപഹാരം മേയര്‍ കൈമാറി. വ്യവസായ വികസന ഓഫീസര്‍ എം ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി ദിവാകരന്‍, പി സി രാജന്‍, കൃഷ്ണകുമാരി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിജു അബ്രഹാം, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി ഷിജിന സ്വാഗതവും കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു ബിനി നന്ദിയും പറഞ്ഞു.