മുഖ്യമന്ത്രി പിണറായി വിജയന്‍  ഞായറാഴ്ച്ച ജില്ലയിലെത്തും. വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനവും വയനാട് മെഡിക്കല്‍ കോളേജിന്റെ പുതിയ മള്‍ട്ടി പര്‍പ്പസ് ബ്ലോക്കും കാത്ത്ലാബും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനസൗഹൃദ സദസില്‍ മാനന്തവാടി മണ്ഡലത്തിലെ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേസ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി സംവദിക്കും. ഉച്ചയ്ക്ക് 12 ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തുന്ന മുഖ്യമന്ത്രി മള്‍ട്ടി പര്‍പ്പസ് കെട്ടിടവും കാത്ത് ലാബും ഉദ്ഘാടനം ചെയ്യും.

വിളംബര റാലി നടത്തി

വയനാട് ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗ്, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാനന്തവാടിയില്‍ വിളംബര റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച റാലി നഗര പ്രദക്ഷിണം നടത്തി മെഡിക്കല്‍ കോളേജ് പരിസരത്ത് സമാപിച്ചു. റാലിക്ക് ഒ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.