മൺകൂജകളിൽ തണുത്ത വെള്ളം നിറച്ച് പ്രദർശന നഗരിയിലെത്തുന്നവരുടെ ദാഹമകറ്റി തണ്ണീർ പന്തൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എറണാകുളം ഇന്റർ ഏജൻസി ഗ്രൂപ്പും ചേർന്നാണ് തണ്ണീർ പന്തൽ ഒരുക്കിയിരി ക്കുന്നത്. നിരവധി പേർക്ക് പന്തൽ ആശ്വാസമായി മാറുന്നു.

ശീതീകരണ സംവിധാനം ഇല്ലാതെ തന്നെ തണുത്ത വെള്ളം പകർന്ന് ആളുകളെ പഴമയുടെ രുചി ഓർമിപ്പിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രധാന കവാടത്തിന് മുൻപിലാണ് കുടിവെള്ള പന്തൽ ഒരുക്കിയിട്ടുള്ളത്.

ദാഹിക്കുന്നവർക്ക് തികച്ചും സൗജന്യമായാണ് ഇവിടെ നിന്നും കുടിവെള്ളം നൽകുന്നത്. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനായി തീരുന്നതിനനുസരിച്ച് വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വേനലിൽ ജനങ്ങൾക്കായി പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ വെള്ളം ഒരുക്കുന്ന പദ്ധതിയാണ് തണ്ണീർ പന്തലുകൾ.