2021-22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയ എറണാകുളം ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ജില്ല പഞ്ചായത്ത് ജീവനക്കാർക്കും ആദരവ് നൽകുന്നു.

സ്വരാജ് ട്രോഫി നേടാൻ ജില്ലാ പഞ്ചായത്തിനെ പ്രാപ്തരാക്കിയ നേട്ടത്തിനു പിന്നിൽ അശ്രാന്ത പരിശ്രമം നടത്തിയവരെ ആദരിക്കാൻ ഏപ്രിൽ 3 തിങ്കളാഴ്ച വിജയദിവസമായി ജില്ലാ പഞ്ചായത്ത് ആഘോഷിക്കും. രാവിലെ 10 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് സനിതാ റഹീം സ്വാഗതം പറയും. ജനകീയാസൂത്രണ പദ്ധതി 2021 – 22 റിപ്പോർട്ട് അവതരണം സെക്രട്ടറി പ്രകാശ് പി ജി നടത്തും. ജനപ്രതിനിതികളെയും ഉദ്യോഗസ്ഥരെയും ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ആദരിക്കും.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ.ജോമി, റാണി കുട്ടി ജോർജ്ജ്, ആശ സനിൽ, കെ.ജി. ഡോണാ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈനി ജോർജ്ജ്, എ.എസ്. അനിൽകുമാർ, .മനോജ് മൂത്തേടൻ, ഫിനാൻസ് ഓഫീസർ ജോബി തോമസ് എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും.

നാടിന്റെ വികസനത്തിനും വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഇടയാക്കുന്ന വ്യത്യസ്തവും നൂതനവുമായ പദ്ധതികൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായാണ് ജില്ലാ പഞ്ചായത്തിന് ഈ പുരസ്കാരം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന പദ്ധതികൾ പലപ്പോഴും കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായി തീർന്നിട്ടുണ്ട്.