അനുഭവങ്ങൾ പങ്കുവെച്ച് സി ഡി എസ് അധ്യക്ഷർ

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിൽ മുഖ്യപങ്കു വഹിച്ച കുടുംബശ്രീ 25 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ കുടുംബശ്രീയുടെ ഇടപെടലുകൾ പങ്കുവെച്ച് മുൻ സിഡിഎസ് ചെയർപേഴ്സൺമാർ. എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്തെ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സംഘടിപ്പിച്ച സെമിനാറിലാണ് സ്ത്രീകളുടെ ജീവിതത്തിലെ കുടുംബശ്രീ കയ്യൊപ്പുകൾ ചർച്ചയായത്.

കുടുംബശ്രീയും പ്രദേശിക സാമ്പത്തിക വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി മുൻ സിഡിഎസ് ചെയർപേഴ്സൺ ജിബി വർഗീസ് സെമിനാറിൽ സംസാരിച്ചു. ടൂറിസ്റ്റുകൾ കൂടുതലായി വന്നുപോകുന്ന ഇടങ്ങളിൽ കുടുംബശ്രീ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ വളർത്തിയെടുക്കുകയും വൻകിട മാർക്കറ്റുകളോട് കിടപിടിക്കുന്ന തരത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളെ മാറ്റിയെടുക്കണമെന്നും ജിബി വർഗീസ് പറഞ്ഞു.

സ്ത്രീ തന്റേതായ ഇടം കണ്ടെത്തിയവൾ കുടുംബശ്രീ നേർചിത്രം എന്ന വിഷയത്തെ മുൻനിർത്തി സിഡിഎസ് ചെയർപേഴ്സൺ ബീന മഹേശൻ സംസാരിച്ചു. ഇന്ന് അനേകം സ്ത്രീകളുടെ കൈത്താങ്ങായി കുടുംബശ്രീ മാറിയെന്നും തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിലും ജീവിത മുന്നേറ്റത്തിലും കുടുംബശ്രീ വലിയ പങ്കു വഹിച്ചതായും ബീന മഹേശൻ സംസാരിച്ചു.

 ‘സ്ത്രീ- നിഷ്ക്രിയയായ ഗുണഭോക്താവിൽ നിന്നും വികസനപ്രക്രിയയുടെ പങ്കാളി എന്ന വിഷയത്തിൽ മുൻ സിഡിഎസ് ചെയർപേഴ്സൺ മായ ശശിധരനാണ് സംസാരിച്ചത്. പുരുഷന്മാർ മാത്രം തൊഴിൽ എടുത്താൽ രാജ്യത്തിന്റെ വികസനം സാധിക്കില്ലെന്ന തിരിച്ചറിവിൽ നിന്നാണ് കാർഷികമേഖലയിലും ഭക്ഷ്യ ഉല്പന്ന മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായത്. മാതൃത്വം മാത്രമാണ് സ്ത്രീയുടെ ഉത്തരവാദിത്വം എന്നതിൽ നിന്നും തെങ്ങു കയറാനും വിമാനം പറപ്പിക്കാനും വരെ ഇന്ന് സ്ത്രീ സാന്നിധ്യം ഉണ്ടെന്നും കോവിഡ് കാലത്തെ കുടുംബശ്രീയുടെ സേവനം സ്തുത്യാർഹമാണെന്നും മായ ശശിധരൻ പറഞ്ഞു.

കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിൽ നിന്നും ഓരോ സ്ത്രീകളുടെ ജീവിതകഥ സിഡിഎസ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് മായ ശശിധരൻ പറഞ്ഞു.