വന സംരക്ഷണ ദൗത്യം പൊതു സമൂഹത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ശാശ്വതമായ നിലനില്‍പ്പിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനസൗഹൃദ സദസ്സുകള്‍ ഇതിന്റെ ഭാഗമാണ്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തുന്ന വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന സൗഹൃദ സദസ്സില്‍ പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ വിശദമായി മനസ്സിലാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കാണും. ഒരു മാസം നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ ഉദ്യമം. 223 പഞ്ചായത്തുകളിലും 51 നിയമസഭാ മണ്ഡലങ്ങളിലും ഇവിടങ്ങളിലുള്ള ജനപ്രതിനിധികളുമായി സംവദിച്ച് ജനങ്ങളുടെ മുന്നില്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കും. മാതൃകാപരമായ ഈ ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാന്‍ കഴിയണം. കേരളത്തിലാകെ വനാതിര്‍ത്തികളില്‍ ഒരേ രീതിയിലുള്ള പ്രശ്‌നങ്ങളല്ല അഭിമുഖീകരിക്കുന്നത്. വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും തികച്ചും വ്യത്യസ്ഥമാണ്. പ്രത്യേകമായപരിഗണിക്കണം ഓരോ നാടിനും നല്‍കേണ്ടി വരും. ജനങ്ങളുടെ പ്രശ്‌നങ്ങല്‍ കേള്‍ക്കുക മാത്രമല്ല പരമാവധി വേഗത്തില്‍ പരിഹാരം കാണുക എന്നതുകൂടിയാണ് ലക്ഷ്യം. വനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങല്‍ വനം വകുപ്പിന് നേരിട്ട് പരിഹരിക്കാന്‍ കഴിയും. ചില പ്രശ്‌നങ്ങള്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്തമായി പരിഹരിക്കാന്‍ കഴിയും. ഇത്തരത്തില്‍ പരിഹാരം കാണാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും.വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജന പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്ത വനപരിപാലനം ഗ്രാമതലത്തില്‍ ശക്തിപ്പെടുത്തും.

  • മഞ്ഞക്കൊന്നയെ നശിപ്പിക്കും

വയനാട് വന്യജീവി സങ്കേതത്തിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന അധിനിവേശ സസ്യമായ മഞ്ഞക്കൊന്നയെ സമൂലമായി ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. സംരക്ഷിത വനം തിരിച്ചുള്ള ബഫര്‍സോണുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഒഴിവാക്കണം എന്ന നിലപാട് സ്വീകരിച്ചു. വനാശ്രിത സമൂഹങ്ങളുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തുക എന്നുള്ളത് പ്രധാന കാര്യമാണ്. വനാശ്രിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവരുടെ സാമഹ്യ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വനത്തിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സാധിക്കും.

  • പ്രതിരോധ നടപടികള്‍ ശക്തമാക്കും

മനുഷ്യ വന്യ ജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി നിരവധി ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. വന്യജീവി പ്രതിരോധത്തിനായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ കിടങ്ങുകള്‍, സൗരോര്‍ജ്ജവേലി, ജൈവ വേലികള്‍, കൂടുതല്‍ പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ റെയില്‍ ഫെന്‍സിംഗ്, ഫ്‌ളാഷ് ലൈറ്റുകള്‍, എസ്.എം.എസ് അലേര്‍ട്ട് ഇങ്ങനെയുള്ള ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നു. കിഫ്ബിയുടെ 110 കോടിയുടെ.സ്റ്റീല്‍ റോപ്പ് ഫെന്‍സിംഗ് പുരോഗമിക്കുകയാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ച് കാട്ടിലേക്കയക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ ജന ജാഗ്രതാ സമിതിയും പ്രവര്‍ത്തിക്കും. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി വനവുമായ് ബന്ധപ്പെട്ട് 1051 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 69 ശതമാനം പാമ്പുകടിമൂലമുള്ള മരണമാണ്. ജനപ്രതിനിധികള്‍, തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായി വനസൗഹൃദ സദസ്സില്‍ മുഖ്യമന്ത്രി സംവദിച്ചു.

മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു എം.എല്‍.എ മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എസ്.ദീപ, ഡി.എഫ്.ഒ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനം വകുപ്പുമായി ബന്ധപ്പെട്ട് ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ രീപീകരണം, വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സ്വരൂപണം. വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ തുടങ്ങിയവ വന സൗഹൃദ സദസ്സില്‍ നടന്നു. വന സൗഹൃദ സദസ്സിന്റെ ജില്ലയിലെ രണ്ടാം ഘട്ടം തിങ്കളാഴ്ച രാവിലെ 9.30 ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വനം വന്യജീവി സംഘര്‍ഷങ്ങളുമായ് ബന്ധപ്പെട്ട വിഷയങ്ങളാണ് വനസൗഹൃദ സദസ്സില്‍ പരിഗണിക്കുക.