ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ആര്‍ച്ചറി, കളരിപ്പയറ്റ്, കായികക്ഷമത പരിശോധന
വിജയികള്‍ക്ക് സമ്മാനവും
ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കായിക ലഹരി പടര്‍ത്താനൊരുങ്ങി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ആര്‍ച്ചറി, കളരിപ്പയറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങള്‍ മേളയില്‍ കാഴ്ചക്കാരുടെ മനം കവരും. കാല്‍പന്തുകളിയുടെ ആരവം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലഹരിക്കെതിരെയുള്ള ഗോള്‍ എന്ന സന്ദേശത്തോടെ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
വിജയികള്‍ക്ക് സമ്മാനവും ഉണ്ടാകും. ദിവസവും വൈകുന്നേരങ്ങളില്‍ കളരി പയറ്റ്-കോംബാറ്റ് സ്‌പോര്‍ട്‌സ് ആയോധന മുറകളുടെ പ്രദര്‍ശനം നടക്കും. ആര്‍ച്ചറി പ്രദര്‍ശനം, ബാസ്‌ക്കറ്റ് ബോള്‍ മത്സരവും നടക്കും. വിവിധ കായിക ക്ഷമത പരിശോധനകളാണ് മറ്റൊരു പ്രത്യേകത. പ്ലാങ്ക്, പുഷ് അപ്പ്, പുള്‍ അപ്പ് തുടങ്ങിയ കാര്യക്ഷമത പരിശോധനകള്‍ മത്സരം പോലെ സംഘടിപ്പിച്ച് വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
35 കായിക അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വിവിധ കായിക ഇനങ്ങളുടെ അവതരണങ്ങള്‍, സ്‌ക്രീനില്‍ കായിക ഇനങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് അക്കാദമികള്‍, ഡയറക്ടറേറ്റ് നിയന്ത്രണത്തില്‍ വരുന്ന സ്‌പോര്‍ട്‌സ് അക്കാദമികള്‍-അവിടെയുള്ള സൗകര്യങ്ങള്‍ എന്നിവയുടെ വിവരങ്ങളും സ്റ്റാളുകളില്‍ ലഭിക്കും. വിവിധ കായിക ഉപകരണങ്ങളുടെ പ്രദര്‍ശന-വിതരണ-വില്‍പനയും മേളയില്‍ ഉണ്ടാവും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.