കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാൽ തന്നെ വന നശീകരണം തടയാൻ കഴിയും. അതിനുതകുന്ന വിധം ഉള്ളിൽ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്നത്.

കാടാണ് ജീവന്റെ ആധാരം എന്ന കൃത്യമായ സന്ദേശമാണ് മേളയുടെ പ്രവേശന കവാടത്തിന് സമീപം ക്രമീകരിച്ചിരിക്കുന്ന സ്റ്റാൾ നൽകുന്നത്. വനത്തിൽ നിന്ന് തന്നെയുള്ള ചെടികളും മരങ്ങളും വള്ളിപ്പടർപ്പുമൊക്കെയാണ് പ്രധാനമായും സ്റ്റാളിൽ ഉപയോഗിച്ചിരിക്കുന്നത്. അരുവിയും അവിടേക്ക് വെളളം തേടിയെത്തുന്ന മൃഗങ്ങളെയും ഇവിടെ കാണാം. ഒരു ചെറിയ കാട് എന്ന് തന്നെ ഈ സ്റ്റാളിനെ വിശേഷിപ്പിക്കാം. കാടിന് മുകളിൽ ഭ്രൂണാവസ്ഥയിലുള്ള ഒരു കുഞ്ഞിനെ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

ചെറിയ കുട്ടികൾ ഏറെ കൗതുകത്തോടെ യാണ് സ്റ്റാൾ വീക്ഷിക്കുന്നത്. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് എത്തുന്നവരെ ആകർഷിക്കുകയാണ് സ്റ്റാൾ.