തൃത്താല നിയോജകമണ്ഡലത്തില്‍ 100 കുളങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മണ്ഡലത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ഭൂഗര്‍ഭ ജല സംരക്ഷണം നടത്തേണ്ടത് അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പണി പൂര്‍ത്തിയാക്കിയ കാര്‍ഷിക കുളങ്ങളുടെ ഉദ്ഘാടനം ആനക്കരയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂഗര്‍ഭ ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് തൃത്താലയിലും നടപ്പാക്കുന്നത്. നിയോജകമണ്ഡലത്തില്‍ 32 ഓളം കുളങ്ങളുടെ പണി നടക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. നൂറു കുളങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലസംരക്ഷണത്തിന് കിണര്‍ റീചാര്‍ജിങ് പ്രധാനപ്പെട്ടതാണ്. തദ്ദേശസ്ഥാപന പ്രതിനിധികള്‍ സ്വന്തം വീട്ടില്‍ കിണര്‍ റീചാര്‍ജിങ് നടത്തി മാതൃക കാണിക്കണം. മാലിന്യ സംസ്‌കരണവും ഏറെ പ്രധാനപ്പെട്ടതാണ്. ബോധവത്ക്കരണ ഘട്ടം കഴിഞ്ഞു. ഇനി പൊതുഇടത്ത് മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനയ്ക്ക് തുക നല്‍കാത്തവരില്‍ നിന്ന് വസ്തു നികുതി സ്വീകരിക്കുമ്പോള്‍ കുടിശ്ശിക ഉള്‍പ്പെടെ ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായും മന്ത്രി പറഞ്ഞു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, വാര്‍ഡ് മെമ്പര്‍ കെ. മുഹമ്മദ്, പി. ബാലചന്ദ്രന്‍, ബാലഗോപാല്‍, ലിഖായത്തലി, യു. ഹബീബ എന്നിവര്‍ പങ്കെടുത്തു.
