എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപന മേധാവികളും മാലിന്യ നിർമ്മാർജ്ജന പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഇതിനുള്ള ഉത്തരവ് ഉടനിറങ്ങും. എല്ലാ ഓഫീസിലും ബീറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഇതിനായി ഉണ്ടാവണം. ഇല്ലെങ്കിൽ സ്ഥാപനമേധാവികൾ അതിന് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സുസ്ഥിര തൃത്താല അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യ നീക്കം ജനകീയമാവണം. ഇതുവരെ തൃത്താലയിൽ നിന്നും 40 ടൺ മാലിന്യം നീക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഇനിയും ഏറെ മുന്നേറാനുണ്ട്. പൊതുസ്ഥലം ശുചീകരിക്കാൻ വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണം. ഓരോ പ്രദേശത്തിന്റെയും ശുചീകരണ ഉത്തരവാദിത്തം ഇവർക്ക് ഏറ്റെടുക്കാം. ഇതിനുള്ള വളണ്ടിയർമാരെ ലഭ്യമാക്കണം. മഴക്കാലപൂർവ്വ ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങളും വാർഡ് മെമ്പർമാരും നേതൃത്വം നൽകണം. മാലിന്യ നീക്കത്തിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കുള്ളതുപോലെ ജനപ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്. പ്രധാന ഇടങ്ങളിൽ മാലിന്യക്കുട്ട സ്ഥാപിക്കാൻ പഞ്ചായത്തുകൾ മുൻകൈ എടുക്കണം.
ഒരു വാർഡിൽ ഒരു കുളം എന്ന പദ്ധതി ഏപ്രിൽ 30 നകം പൂർത്തിയാക്കണം. മഴക്കുഴി നിർമ്മാണം സജീവമാക്കണം. കിണർ റീചാർജിങ് ഏറെ പ്രധാനമാണ്. മണ്ഡലത്തിലെ മുഴുവൻ മെമ്പർമാരും തൊഴിലുറപ്പ് പദ്ധതി മേറ്റ്മാരും മെയ് 31 നകം സ്വന്തം കിണറുകൾ റീ ചാർജിങ് നടത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രൻ, ഷറഫുദീൻ കളത്തിൽ, പി. ബാലൻ, ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ നിസാമുദ്ധീൻ, നവകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.