ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷ നല്‍കാം. പരാതികള്‍ https://www.karuthal.kerala.gov.in ല്‍ ആണ് നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തമായോ, താലൂക്ക് ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷകരുടെ പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍, വാട്ട്‌സ്ആപ്പ് നമ്പര്‍, ജില്ലാ, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്‍കിയതിനുശേഷം രസീത് കൈപ്പറ്റണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് പരാതികള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പട്ടികവര്‍ഗ്ഗ -പട്ടികജാതി വിഭാഗക്കാരുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം.

പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 27 വിഷയങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിക്കുക. അദാലത്തിനോടനുബന്ധിച്ച് ജില്ലയില്‍ ഏപ്രില്‍ 13 ന് മന്ത്രിമാരുടെ അവലോകനയോഗം നടക്കും. പാലക്കാട് താലൂക്കില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും തദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും നേതൃത്വത്തില്‍ മെയ് 15 നാണ് പരാതി പരിഹാര അദാലത്ത് നടക്കുക. തുടര്‍ന്ന് മെയ് 16 ന് ചിറ്റൂര്‍, 18 ന് ആലത്തൂര്‍, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി താലൂക്കുകളില്‍ അദാലത്ത് നടക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.