ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കാം, പ്രാദേശികവത്കരണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എങ്ങനെ നേടിയെടുക്കാം എന്ന ചർച്ചയുമായി എന്റെ കേരളം വിപണ പ്രദർശന മേളയിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സെമിനാർ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കില സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) കോ-ഓഡിനേറ്റർ കെ.യു. സുകന്യ വിഷയം അവതരിപ്പിച്ചു.

സുസ്ഥിരവികസന ലക്ഷ്യങ്ങൾ, പ്രാധാന്യം, അടുത്ത തലങ്ങളിലേക്കുള്ള വികസനം, സുസ്ഥിര വികസനത്തിലൂടെ വികസന തുടർച്ച ഉറപ്പാക്കാം തുടങ്ങിയ വിഷയങ്ങൾ ലളിതമായ രീതിയിൽ സെമിനാറിൽ അവതരിപ്പിച്ചു. 2030 ഓടെ രാജ്യങ്ങൾ കൈവരിക്കേണ്ട, യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ മുന്നോട്ടുവെച്ചിട്ടുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങളെ കുറിച്ചും, ഇവ നേടിയെടുക്കുന്നതിന് പ്രാദേശിക തലത്തിൽ നടപ്പാക്കേണ്ട സുസ്ഥിര വികസന ഉപലക്ഷ്യങ്ങളെക്കുറിച്ചും സദസിനെ പരിചയപ്പെടുത്തി.

സുസ്ഥിരമായ വികസനം പൂർണമായി നേടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും പ്രവർത്തിക്കേണ്ട രീതിയെക്കുറിച്ചും പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു. സുസ്ഥിരവികസനം പ്രാപ്തമാക്കാൻ സംസ്ഥാനത്ത് നവ കേരള കർമ്മ പദ്ധതി പ്രകാരം വിവിധ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ സുസ്ഥിര വികസന നേട്ടങ്ങളുടെ സ്ഥിതി മനസിലാക്കാൻ കില നിർമ്മിച്ച ഡാഷ്ബോർഡും വേദിയെ പരിചയപ്പെടുത്തി.

സെമിനാറിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക്‌ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി. പി. അലക്സാണ്ടർ, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസർ സി.എൻ. രാധാകൃഷ്ണൻ, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് റിസർച്ച് ഓഫീസർ കെ.എ. ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.