രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തില്‍ 94 ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 12ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ജലബജറ്റ് ഏറ്റുവാങ്ങി മുഖ്യ പ്രഭാഷണം നടത്തും.

നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മറ്റ് വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ വീണ്ടെടുപ്പുകൂടി ഉള്‍പ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപത്തോണ്‍ മാപിംഗ് സംബന്ധിച്ച പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കും.