ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സിലെ ഗവേഷണ കേന്ദ്രമായ സെന്റര്‍ ഫോര്‍ അഗ്രോ ഇക്കോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്.

കാര്യക്ഷമവും സുതാര്യവും അഴിമതി രഹിതവുമായ പൊതുവിതരണ സമ്പ്രദായം ഉറപ്പാക്കുന്നതിനു 2016 ല്‍ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പൊതുവിതരണ സമ്പ്രദായത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുമായി കേരളത്തിലുടനീളം 500 റേഷന്‍ കടകളുടെയും ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തും. തുടര്‍ന്ന് അതത് താലൂക്കുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുകയും പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുകയും ചെയ്യും. കേരള സര്‍വകലാശാലയുടെ ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. മഞ്ജു എസ് നായരുടെ നേതൃത്വത്തില്‍ നാല്പത്തഞ്ചോളം ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാരും, അതത് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍മാരും അടങ്ങുന്ന സംഘമാണ് സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പങ്കാളികളാകുന്നത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായ എലിജിബിലിറ്റി ക്രൈറ്റീരിയ, പോര്‍ട്ടബിലിറ്റി, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ബയോമെട്രിക് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനും, നിലവിലെ പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് ഗുണഭോക്താക്കളുടെ അഭിപ്രായം ആരായുന്നതും സോഷ്യല്‍ ഓഡിറ്റിന്റെ ലക്ഷ്യങ്ങളാണ്.