കേരളത്തിന്റെ വികസനക്കുതിപ്പിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) തങ്ങളുടെ പ്രവർത്തനത്തിന്റെ സമഗ്ര ചിത്രം വരച്ചുകാണിക്കുന്ന വിധത്തിലാണ് എന്റെ കേരളം മെഗാ എക്സിബിഷനിൽ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ട് നൽകിയിട്ടുള്ള വിവിധ പദ്ധതികളുടെ ഡെമോ, ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് തുടങ്ങിയ വിപുലമായ ക്രമീകരണങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പദ്ധതികൾക്ക് പ്രത്യേക പ്രാധ്യാനം നൽകിക്കൊണ്ടാണ് സ്റ്റാൾ സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ പൂർത്തിയായതും പുരോഗമിക്കുന്നതും ആവിഷ്കരണ ഘട്ടത്തിലുള്ളതുമായ പദ്ധതികളുടെ പൂർണ വിവരങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ആവിഷ്കരണ ഘട്ടത്തിലുള്ള ഒരു പദ്ധതി യാഥാർഥ്യമാകുമ്പോൾ എങ്ങനെയാകും എന്ന് കാണാനും ഇവിടെ സൗകര്യമുണ്ട്. സ്റ്റാളിലെ ഏറ്റവും കൗതുകമുണർത്തുന്ന കാഴ്ചയും ഇതാണ്. ഏത് സംശയത്തിനും കൃത്യമായ ഉത്തരംനൽകാൻ കഴിയുന്ന വിദഗ്ധരുടെ ഒരു നിരതന്നെ സ്റ്റാളിലുണ്ട്.