ബ്രഹ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുളള സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ശ്വാസകോശ വിദഗ്ധര്‍ അടക്കമുളള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാകണം ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടത്. പുക മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നവും ജലമലിനീകരണവും കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താനും കുടുംബാരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കമ്മീഷന്‍ അംഗം ടി.സി ജലജാമോള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 45 ദിവസത്തിനകം കമ്മീഷന് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.