വൻ വിലക്കുറവിൽ സാധനങ്ങൾ നൽകി സാധാരണക്കാർക്ക് കൈത്താങ്ങാകുകയാണ് എന്റെ കേരളം മേളയിലെ സപ്ലൈകോ എക്സ്പ്രസ് മാർട്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വൻ വിലക്കുറവും പ്രത്യേക ഓഫറുകളും നൽകുന്നത്. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.

സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമായി നൽകും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നൽകുന്നുണ്ട്.

സ്റ്റോളിലെ ഏറ്റവും പ്രധാന ആകർഷണം രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നു എന്നതാണ്. ശബരിയുടെ രണ്ട് അലക്കുസോപ്പ് വാങ്ങിയാൽ ഒരെണ്ണം ഫ്രീയായി കൂടെകൂട്ടാം. മുളകുപൊടി, മല്ലിപ്പൊടി തുടങ്ങി ശബരിയുടെ കറി മസാല കൂട്ടുകൾക്കും വൻ വിലക്കിഴിവ് ലഭ്യമാണ്.

ശബരി ഉൽപ്പനങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്പേസ്റ്റ്, തേൻ, സോപ്പുപ്പൊടി,  സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ് , ഹോർലിക്സ്  തുടങ്ങി നിരവധി എഫ് എം സി ജി സാധനങ്ങൾക്ക് വിലക്കുറവ് ലഭിക്കുന്നുണ്ട്. പ്രദർശന മേള കണ്ട് ആസ്വദിക്കാൻ വരുന്നവർ സപ്ലൈകോ സ്റ്റാളിൽ കയറി കൈനിറയെ സാധനങ്ങളുമായാണ് മടങ്ങുന്നത്.

ഏപ്രിൽ ഒന്നിന് വൈകിട്ട് തുടങ്ങിയ പ്രദർശന വിപണന മേളയിൽ സർക്കാർവകുപ്പുകളുടെ 36 സ്റ്റാളുകൾ ഉൾപ്പെടെ നൂറിലധികം സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്.