സംസ്ഥാനത്ത് റേഷൻ കടകൾ അടക്കമുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ ഉല്‍പ്പന്നങ്ങൾക്ക് അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. കുമരകം ചന്ത കവലയിൽ നിന്നും കുമരകം വൈത്തറ ബിൽഡിങ്ങിലേക്ക് മാറ്റി സ്ഥാപിച്ച കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ഉല്‍പ്പന്നങ്ങളുടെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന കേന്ദ്രങ്ങളോട് സന്ധിയില്ലാത്ത നിലപാട് സർക്കാർ സ്വീകരിക്കും. വിവിധ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് എത്തുന്ന അരി, ഗോതമ്പ്, പഞ്ചസാര മുതലായ ഉല്‍പ്പന്നങ്ങളുടെ ഓരോ ചാക്കിലെയും അളവ്, കൃത്യത ഉറപ്പാക്കാൻ ആവശ്യമായ സംവിധാനങ്ങൾ റേഷൻ കടകൾ തോറും നടപ്പാക്കും. ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങൾ കൃത്യതയോടെ കൊടുക്കേണ്ട അവസ്ഥ സംജാതമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്‌തൃ രംഗത്ത് ജനങ്ങൾക്ക് ഏറ്റവും സഹായകമായ രീതിയിലുള്ള ഇടപെടലുകളാണ് സർക്കാർ സ്വീകരിക്കുന്നത്. സപ്ലൈകോ വഴി ലഭ്യമാക്കുന്ന ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളുടെ വിലയിൽ ഇനിയും കുറവു വരുത്താൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. മാർക്കറ്റിലെ ഭയാനകമായ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിർത്തി സാധാരണക്കാർക്ക് സബ്സിഡി ഇനത്തിൽ സാധനങ്ങൾ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സാധ്യമായി എന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ആദ്യ വില്പന നടത്തി. കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ആർഷ ബൈജു, ഗ്രാമ പഞ്ചായത്തംഗം മായാ സുരേഷ്, ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ്, സപ്ലൈകോ റീജിയണൽ മാനേജർ എം സുൽഫിക്കർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ കേശവൻ, വി. ബി ബിനു, വി. വൈ പ്രസാദ്, വി എസ് പ്രദീപ്, പുഷ്കരൻ കുന്നത്തുചിറ, ഷാജി ഫിലിപ്, പി കെ സേതു, ടോണി കുമരകം എന്നിവർ പങ്കെടുത്തു.