വിവിധ തലങ്ങളിലുള്ള സാമൂഹിക ശാക്തീകരണ പരിപാടികളിലൂടെയാണ് കേരളം ലോകത്തിന് മുന്നിൽ മാതൃക തീർത്തതെന്ന് ആരോഗ്യ വനിത ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ജി 20 ഉച്ചകോടിയുടെ ഭാഗമായി കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. നവോത്ഥാന കാലം മുതൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മുന്നേറ്റത്തിനും കേരള സമൂഹം പിന്തുണ നൽകി.ഇതിലധിഷ്ഠിതമായ ഒരു ജനാധിപത്യക്രമവും രൂപപ്പെട്ടു. 1957 ലെ ആദ്യ ഗവൺമെന്റിന്റെ വിദ്യാഭ്യാസം സാർവത്രികവും   സൗജന്യവുമെന്ന നയം സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തെ പ്രാതിനിധ്യത്തിൽ പ്രധാന പങ്ക് വഹിച്ചു. ജനകീയ ആസൂത്രണ പദ്ധതിയിലൂടെ സാധ്യമായ അധികാര വികേന്ദ്രീകരണവും ജനപ്രതിനിധികൾക്കായുള്ള

സ്ത്രീ സംവരണവും തുല്യതക്കായുള്ള മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചു. കുടുബശ്രീ പ്രസ്ഥാനത്തിലൂടെ എല്ലാവിഭാഗം ജനങ്ങളെയും പ്രദേശിക അടിസ്ഥാനത്തിൽ ഒന്നിപ്പിക്കുന്നതിനും തൊഴിൽ, സാമ്പത്തികരംഗത്തേക്ക് സ്ത്രീകളെ എത്തിക്കുന്നതിനും സാധിച്ചു. പാർശ്വവൽകൃത ജനവിഭാഗങ്ങളായ പട്ടികജാതി, പട്ടിക വർഗ, മൽസ്യത്തൊഴിലാളി മേഖലകളിൽ നിന്നുള്ള സ്ത്രീകൾക്ക് തൊഴിൽ സുരക്ഷിതത്വവും പൊതു ഗതാഗത സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഗവൺമെന്റ് ഒരുക്കുന്നു. പൊതു സ്ഥലങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാകുന്ന പ്രവർത്തനങ്ങൾ പൂർണതയിലെത്തുകയാണ്. ഭരണഘടനപരമായ ലിംഗ നീതിയും തുല്യതയും ഉറപ്പു നൽകേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

 മനുഷ്യരാശിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി ഐക്യരാഷ്ട്രസഭ 17 ഘടകങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ജപ്പാൻ ഉച്ചകോടിക്ക് ശേഷം സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക ശാക്തീകരണ പ്രക്രിയ തുടർന്ന് വരികയാണ്.ഉന്നതവിദ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും ഉണ്ടായ സ്ത്രീ പ്രാതിനിധ്യത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജി 20 ലോകരാഷ്ടങ്ങൾ വനിതാ ശാക്തീകരണത്തിനായി നടത്തുന്ന പ്രത്യേക സെഷനുകൾ ഈ മേഖലയിൽ മാതൃക തീർക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. ഡോ. സംഗീത റെഡ്ഡി സ്വാഗതമാശംസിച്ച ചടങ്ങിൽ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ആശയം അവതരിപ്പിച്ചു. ഡോ. എ ഐ സഹദുള്ള ചർച്ചയുടെ ക്രോഡീകരണം നടത്തി.