ചൂഷണത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് വനിതാ ശിശു വികസന വകുപ്പ് സെമിനാർ. എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ‘സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷാ സംവിധാനങ്ങൾ’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

കൊച്ചി കോർപറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്കായി ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നിരവധി പ്രവർത്തങ്ങൾ കൊച്ചി കോർപറേഷൻ നടത്തിയെന്ന് ഷീബലാൽ പറഞ്ഞു.കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ. കെ. ഷാജു ശിശു സംരക്ഷണ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. മൊബൈൽ ഫോൺ പോലുള്ള സാങ്കേതിക വിദ്യകളുടെ ദുരുപയോഗം മൂലം കൂടുതൽ കുട്ടികൾ ചൂഷണത്തിന് വിധേയമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കു വേണ്ടിയുള്ള നിയമങ്ങളെ കുറിച്ച് ഓരോ സ്ത്രീയ്ക്കും അവബോധം ഉണ്ടാകണമെന്ന് സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ച ലീഗൽ കൗൺസിലർ അഡ്വ. മരിയ ജോയ് പറഞ്ഞു. എറണാകുളം വനിത സംരക്ഷണ ഓഫീസർ എച്ച്. താഹിറ ബീവി സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനകളെ കുറിച്ചു വിശദീകരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ്‌ ശങ്കർ, എറണാകുളം ശിശു സംരക്ഷണ ഓഫീസർ കെ. എസ്. സിനി, കൊച്ചി അർബൻ 2 ചൈൽഡ് ഡവലപ്മെന്റ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.