ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാഹന പര്യടനം ആരംഭിച്ചു. വിവിധ വകുപ്പ് സേവനങ്ങള്‍ക്കും സേവനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ സംശയദുരീകരണത്തിനും എന്റെ കേരളം പ്രദര്‍ശന വിപണനമേള പ്രയോജനകരമാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി പറഞ്ഞു.പാലക്കാടിന്റെ ഉത്സവ കാലഘട്ടത്തിലെ മറ്റൊരു ഉത്സവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. ജനങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ് മേള സംഘടിപ്പിക്കുന്നതെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടിയുടെ തനത് ഈണത്തില്‍ പ്രചാരണത്തിന് ആരംഭം
അട്ടപ്പാടിയുടെ തനത് ഈണത്തില്‍ മണ്ണിന്റെ മണമുള്ള പാട്ടുകളുമായി ഉത്സവപ്രതിതീ ഉയര്‍ത്തി അട്ടപ്പാടി ഗോത്ര കലാമണ്ഡലം സംഘത്തിന്റെയും ആര്‍.എന്‍ ആര്‍ട്സ് ഹബ്ബിലെ കലാകാരന്മാരുടെയും വിവിധ കലാപരിപാടികളോടെയുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണം പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ നിന്ന് ആരംഭിച്ചു. ഏപ്രില്‍ ഒന്‍പത് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ഡലാടിസ്ഥാനത്തില്‍ വാഹന പ്രചാരണം നടത്തും. കോട്ടമൈതാനം, ചന്ദ്രനഗര്‍, കുഴല്‍മന്ദം, കോട്ടായി, മാത്തൂര്‍, എരിമയൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ സംഘം പര്യടനം നടത്തി.
പാലക്കാടിന്റെ കാര്‍ഷിക പാരമ്പര്യം, സംസ്‌കാരം എന്നിവ ഉയര്‍ത്തികാണിക്കുന്ന അവതരണങ്ങളോടൊപ്പം മേളയെ കുറിച്ചുളള വിവരങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കുകയാണ് സംഘം. റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്ലോട്ട് അവതരിപ്പിച്ച സംഘമാണ് എന്റെ കേരളത്തിന്റെ പ്രചാരണത്തിനായി രംഗത്തെത്തുന്നത്. എട്ട് പേരടങ്ങുന്ന സംഘം അട്ടപ്പാടിയുടെ പരമ്പരാഗത ഗാനങ്ങളാണ് അവതരിപ്പിക്കുക. ഇരുള സമുദായത്തിന്റെ ഗോത്രഭാഷയില്‍ പരമ്പരാഗത വേഷങ്ങള്‍ ധരിച്ചാണ് അവതരണം. കൃഷി, വിളവെടുപ്പ്, സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ പൊറ, ദവില്‍, കോകല്‍, ജാള്‍റ തുടങ്ങിയ തനത് വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്.
ബി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനുപ്രശോഭിനി, പുഷ്പ, വിജയ, മുരുഗന്‍, സുബ്രഹ്മണ്യന്‍, കെ. മുരുഗന്‍, പൊന്മല എന്നിവരാണ് ഉള്ളത്. കൂടാതെ ആര്‍.എന്‍ ആര്‍ട്സ് ഹബ്ബിലെ കലാകാരന്മാരായ നവീന്‍ പാലക്കാട്, രതീഷ് കലാഭവന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റും ഗാനങ്ങളും ഉണ്ടാകും. ഗോത്ര സംഘത്തോടൊപ്പം കോര്‍ത്തിണക്കി ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ആര്‍.എന്‍ ആര്‍ട്സ് ഹബ് സംഘത്തിന്റെ അവതരണം. പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വാഹന പര്യടനം ഇന്ന് ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണ വാഹനം ഇന്ന് (ഏപ്രില്‍ അഞ്ച്) ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ലക്കിടി കൂട്ടുപാത, അമ്പലപ്പാറ, കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി, ചളവറ, കോതകുര്‍ശ്ശി, ഒറ്റപ്പാലം ടൗണ്‍, വാണിയംകുളം, കുളപ്പുള്ളി, ഷൊര്‍ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.