പരിശോധന ഊർജിതമാക്കി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 50 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങൾ പരിശോധനയിൽ കണ്ടെത്തി. ഇതുവരെ 19,500 രൂപ പിഴയിനത്തിൽ ഈടാക്കി.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ, നോഡൽ ഓഫീസറുമായി രൂപീകൃതമായ എൻഫോഴ്‌സ്‌മെന്റ് സെക്രട്ടേറിയറ്റിൽ ജില്ലാ ശുചിത്വമിഷൻ എൻഫോഴ്സ്‌മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരാണ് അംഗങ്ങൾ. മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങൾ കണ്ടെത്തൽ, പരിശോധന നടത്തൽ, നിരോധിത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, സംഭരണം, വിൽപ്പന എന്നിവയ്ക്കെതിരെ നടപടിയെടുക്കൽ തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകൾ. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു. മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങളിൽ 8714980344 എന്ന നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്കും പരാതി അറിയിക്കാം.