രാജ്യത്തെ വ്യവസായ മേഖലയിൽ കേരള മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഉചിതമായ ഇടപെടലുകൾ മൂലമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി സംരംഭകന് കാലതാമസമില്ലാതെ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അവബോധം നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് അധ്യക്ഷത വഹിച്ചു. വർമ ആന്‍ഡ്‌ വർമ അസോസിയേറ്റ്സ് സീനിയർ പാർട്ട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.

കേരളത്തിൽ ചെറുകിട സൂഷ്മ സംരംഭങ്ങൾക്ക് ഏറെ സാധ്യതയാണുള്ളതെന്നും വ്യവസായം തുടങ്ങുന്നതിന് തടസം നിന്ന നിയമങ്ങൾ ഭേദഗതി ചെയ്ത് മേഖലയെ വളർച്ചയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും പാനലിസ്റ്റുകൾ വിലയിരുത്തി. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാക്കിയതിനൊപ്പം തൊഴിൽ അവസരങ്ങളും വർദ്ധിപ്പിച്ചു. സംരംഭക സൗഹൃദ നിലപാടാണ് കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.

എറണാകുളം ജില്ല ജി.എസ്.ടി. വിഭാഗം ജോയിന്റ് കമ്മീഷണർ വി.ജി.രഘുനാഥൻ, ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കൺട്രോളർ ഇ. വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ഗിരീഷ്, കെ.എസ്.ഐ.ഡി.സി. അസിസ്റ്റന്റ് ജനറൽ മാനേജർ വർഗ്ഗീസ് മാളക്കാരൻ, ഡെപ്യൂട്ടി ടൗൺ പ്ലാനർ മഞ്ചു ജോൺ, ഫുഡ് സേഫ്റ്റി ഓഫീസർ ഷൺമുഖൻ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ പി.ബി. ശ്രീലക്ഷ്മി, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് ഷറഫുദ്ദീൻ, എം.എസ്.എം.ഇ. അസിസ്റ്റന്റ് ഡയറക്ടർ ആതിര സധു, എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ എ.ജെ.ജോയ്, ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ രാജേന്ദ്രൻ, കെ.എസ്.എസ്.ഐ.എ. ജനറൽ സെക്രട്ടറി പി.ജെ. ജോസ്, ആലങ്ങാട് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ റാണി നിക്സൺ, എറണാകുളം കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് എം.എ. അലി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ആർ.രമ, ആർ.സംഗീത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.