വായന നിലനിർത്താൻ സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ‘സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ’ ഡിജിറ്റൽ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വായന വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലൈബ്രറി എന്നത് വായനയ്ക്ക് മാത്രമല്ലാതെ ചരിത്രാന്വേഷികൾക്കും ഗവേഷകർക്കും കൂടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ റിസോഴ്സ് സെന്റർ, പബ്ലിക്ക് റീഡിംഗ് റൂം, റഫറൻസ് സെക്ഷൻ, ഹിസ്റ്ററി സയൻസ് കോർണർ, സൗജന്യ വൈഫൈ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ എൻ ജിതിൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ സി. കുഞ്ഞമ്മദ്, സി.സി ആൻഡ്രൂസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു, ജില്ലാ ലൈബ്രറി ഓഫീസർ ടി.ആർ പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ആധുനികവൽകരണ കമ്മിറ്റി കൺവീനർ കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ കൺവീനർ എൻ ഉദയൻ നന്ദിയും പറഞ്ഞു.