ബേപ്പൂർ നിയോജക മണ്ഡലത്തിലെ കൊളത്തറ ആറാംകണ്ടം ചെരാൽകാവ് ഡ്രെയ്നേജ് റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് നിന്ന് സാധ്യമാകുന്ന എന്ത് കാര്യവും നാടിനു വേണ്ടി ചെയ്യുമെന്നും അത്തരം പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എയുടെ 2022-23 വർഷത്തെ പ്രാദേശിക വികസന നിധിയിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഡ്രെയ്നേജ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഡ്രെയ്നേജ് റോഡ് നിർമ്മാണത്തോടുകൂടി ആറാംകണ്ടം ചെരാൽകാവ് പ്രദേശത്തെ കാലങ്ങളായുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാകും.

കോഴിക്കോട് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കെ ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് വികസന സമിതി കൺവീനർ ബാലകൃഷ്ണൻ പുല്ലോട്ട് സ്വാഗതവും സ്വാഗതസംഘം കൺവീനർ എൻ ശിവാനന്ദൻ നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ പ്രേമലത തെക്കുവീട്ടിൽ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.