കേരളത്തിലെ വ്യത്യസ്തയിനം മണ്ണിനങ്ങളെ ഒരു കുടക്കീഴില്‍ എത്തിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന 12 തരം മണ്ണുകളാണ് മേളയിലെത്തുന്ന കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നത്. കൊല്ലം ജില്ലയിലെ ചവറ മേഖലകളില്‍ കറുപ്പ്, സില്‍വര്‍ നിറത്തില്‍ കാണപ്പെടുന്ന കരിമണലാണ് മേളയില്‍ എത്തുന്ന വരെ ഏറെ ആകര്‍ഷിക്കുന്നത്.

മലയോര മണ്ണ്, വനമണ്ണ്, കൈപ്പാട് നിലങ്ങള്‍, ചെമ്മണ്ണ്, പഞ്ചാരമണല്‍, കരിമണല്‍, തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, ഓണാട്ടുകര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വെട്ടുകള്‍ മണ്ണ് എന്നീ വ്യത്യസ്തയിനം മണ്ണുകള്‍ ഇവിടെ കാണാം.

മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങള്‍ വരും തലമുറയ്ക്ക് കരുതിവയ്ക്കുന്നതിന്റെ ആവശ്യകത മനസിലാക്കി നല്‍കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകയും സ്റ്റാളിലെ ആകര്‍ഷണീയതയാണ്.

മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എങ്ങനെ സംരക്ഷിക്കണം, ശാസ്ത്രീയ പരിശോധനയ്ക്കുള്ള മണ്ണ് എങ്ങനെയാണ് ശേഖരിക്കുന്നത് എന്നീ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നിരവധി പോസ്റ്ററുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാര്‍ട്ടര്‍ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും  ഒരുക്കിയിട്ടുണ്ട്.

മണ്ണ് അറിഞ്ഞു കൃഷി ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന മാം മൊബൈല്‍ ആപ്ലിക്കേഷനും സ്റ്റാളില്‍ പരിചയപ്പെടാം. ചവിട്ടി നില്‍ക്കുന്ന സ്വന്തം മണ്ണിന്റെ പോഷക ഗുണങ്ങള്‍ മൊബൈലിലൂടെ അറിയാനുള്ള സംവിധാനമാണിത്. ഈ ആപ്ലിക്കേഷന്‍ എങ്ങനെ ഗുണപ്രദമായി ഉപയോഗിക്കാം എന്നുള്ള വിവരങ്ങള്‍ നല്‍കുന്ന പോസ്റ്റുകള്‍ കൂടാതെ ഇവയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സ്റ്റാളില്‍ വിശദീകരിച്ചു നല്‍കുന്നുണ്ട്.