സ്ത്രീകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന സർക്കാർ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രം ഏപ്രിൽ 6 മുതൽ തിയേറ്ററുകളിൽ പ്രദർശനമാരംഭിക്കും. ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സ്ത്രീകളുടെ ശരീരത്തിന്റെ രാഷ്ട്രീയമാണ് പ്രശ്നവൽക്കരിക്കുന്നത്. രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, റെയ്‌ന രാധാകൃഷ്ണൻ എന്നിവർ തികച്ചും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആറ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിന്റെ സമകാലിക സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്ത്രീ ശരീരം എപ്രകാരം ബിംബവത്ക്കരിക്കപ്പെടുകയും ആൺനോട്ടങ്ങളെ നേരിടേണ്ടി വരികയും ചെയ്യുന്നു എന്നത് ഒറ്റ കഥാതന്തുവിൽ ആറ് സ്ത്രീ കഥാപാത്രങ്ങളെ കോർത്തിണക്കി ആവിഷ്‌കരിച്ചിരിക്കുന്നു.