ലോക ബാങ്ക് സംഘം എറണാകുളം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചു. ‘സ്‌പെഷ്യല്‍ അനാലിസിസ് ആന്‍ഡ് മെട്രോപൊളിറ്റന്‍ സ്റ്റഡി’ എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായാണ് സിയു ജെറി ചെനിന്റെ നേതൃത്വത്തിലുള്ള ലോക ബാങ്ക് സംഘം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചത്. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പി അനില്‍ കുമാര്‍ സംഘത്തെ സ്വാഗതം ചെയ്തു. സീനിയര്‍ ടൗണ്‍ പ്ലാനര്‍ കെ.എം ഗോപകുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ ചുമതലകള്‍, നഗര സഞ്ചയ ഗ്രാന്റ് എന്നീ വിഷയങ്ങളില്‍ ജില്ലാ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ പി.ബി ഷിബിന്‍ അവതരണം നടത്തി. ചര്‍ച്ചയില്‍ റിസര്‍ച്ച് ഓഫീസര്‍ നോബിന്‍ തോമസ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍.എം രാഗേഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.