വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും : മന്ത്രി കെ എൻ ബാലഗോപാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടി പ്രാധാന്യം നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.
ഈ മാസം 24 മുതൽ 27 വരെ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളിടെക്നിക് കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിയുടെ വികാസത്തിലൂടെ പുത്തൻ തൊഴിൽ രീതികൾ സൃഷ്ടിക്കപ്പെടും.
സാങ്കേതിക വിദ്യകളുടെ വളർച്ചയെ വിദ്യാർഥികൾ കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
എഴുകോൺ സർക്കാർ പോളിടെക്നിക് കോളജിൽ നടന്ന പരിപാടിയിൽ
ഇന്റർ പോളിടെക്നിക് യൂണിയൻ ജനറൽ സെക്രട്ടറി പ്രിജിൻ പ്രസാദ് അധ്യക്ഷനായി. പ്രിൻസിപ്പൽ വി വി റേ, കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി സന്ദീപ്, പുനലൂർ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ സജുശങ്കർ എസ്, എഴുകോൺ സർക്കാർ പോളിടെക്നിക് കോളജ് യൂണിയൻ ചെയർമാൻ ജെ എസ് ആദർശ് തുടങ്ങിയവർ പങ്കെടുത്തു.